Latest Videos

എലപ്പനി പ്രതിരോധത്തിനെതിരെ വ്യാജപ്രചരണം: വടക്കുംചേരിക്കെതിരെ വീണ്ടും കേസെടുത്തു

By Web TeamFirst Published Sep 3, 2018, 8:08 PM IST
Highlights

സൈബര്‍ പൊലീസും തിരുവനന്തപുരം സിറ്റി പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇയാളുടെ വീഡിയോ ഫേസ്ബുക്കിലും വാട്സാപ്പിലും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. 
 

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവർ‍ത്തനത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷറുടെ നിര്‍ദേശപ്രകാരമാണ് പുതിയ കേസെടുത്തിരിക്കുന്നത്. നേരത്തെ വടക്കുംചേരിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബര്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതോടെ ഒരേദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ വന്നത്. 

നേരത്തെ നിപ്പ വൈറസ് വന്നപ്പോഴും അതിനെതിരെയും ജേക്കബ് വടക്കുംചേരി വ്യാജപ്രചരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലബാറില്‍ വാക്സിന്‍ വിരുദ്ധപ്രചരണം വ്യാപകമായി നടന്നപ്പോള്‍ അതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നതും ജേക്കബ് വടക്കുംചേരിയാണ്. ഇക്കുറിയും നവമാധ്യമങ്ങള്‍ വഴിയാണ് എലിപ്പനി പ്രതിരോധ പ്രവ‍ർത്തനത്തിനെതിരെ ജേക്കബ് വടക്കുംചേരി വീഡിയോ പ്രചരിപ്പിച്ചത്. 

എലിപ്പനി ബാധിച്ച് ഈ ദിവസങ്ങളില്‍ നിരവധി പേര്‍ സംസ്ഥാനത്ത് മരിച്ചിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തത് രോഗം പടരാന്‍ കാരണമാവുന്നുവെന്ന വിലയിരുത്തലില്‍ കോഴിക്കോടും മറ്റും എലിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വീഡിയോയുമായി വടക്കുംചേരി രംഗത്തു വന്നത്. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി സൈബര്‍ പൊലീസിനോട് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പമാണ് ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീഡിയോ ഫേസ്ബുക്കിലും വാട്സാപ്പിലും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. 

വടക്കുംചേരിയെ അറസ്റ്റ് ചെയ്യണമെന്നും കോടതി ഇയാളെ പൊതുശല്യമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.  നവമാധ്യമങ്ങള്‍ വഴി  പ്രതിരോധവാക്സിനുകള്‍ക്കെതിരെ ഇയാള്‍ പ്രചരിപ്പിച്ച വീഡിയോ വിശ്വസിച്ച് ആയിരങ്ങളാണ് കുത്തിവെപ്പുകള്‍ എടുക്കാതെ മാറി നിന്നത്. മലബാറില്‍ നടന്ന വാക്സിന്‍ വിരുദ്ധ പ്രചരണത്തിന് പ്രധാനമായും ഉപയോഗിക്കപ്പെട്ടത് വടക്കുംചേരിയുടെ വീഡിയോകളാണ്. ഇതു കാരണം സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടന്ന പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പൂര്‍ത്തിയാവാതെ പോയിരുന്നു. 

click me!