
തിരുവനന്തപുരം: എലിപ്പനി വ്യാപനം തടയാനായെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്ന് കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് പേരടക്കം സംസ്ഥാനത്ത് 11 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിക്കൊപ്പം ഡങ്കിപനിയും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കി. വരുന്ന മൂന്നാഴ്ച നിര്‍ണ്ണായകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിന് ശേഷം എലിപ്പനിയെന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 523. 196 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
37 പേരാണ് എലിപ്പനി മൂലം മരിച്ചത്. ശുചീകരമയജ്ഞത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധമരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ എലിപ്പനിക്ക് പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്റ്റ് രണ്ടാം വാരത്തിന് ശേഷമാണ് എലിപ്പനി ഇത്രത്തോളം ഗുരുതരമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്. 6 പേര്‍. മലപ്പുറം, പത്തനംതിട്ട. പാലക്കാട്, തൃശൂര്‍, കോട്ടയം ജില്ലകളിലും എലിപ്പനി മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തനം തിട്ട അയിരൂര്‍ സ്വദേശി രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ എന്നിവരുും മരിച്ചവരില്‍ പെടുന്നു.
എലിപ്പനിക്കൊപ്പം ഡങ്കിപ്പനി പടരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തി. മലിനജലം കെട്ടികിടക്കുന്നത് മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും. ഡോക്സി സൈക്ലിന്‍ ഗുളിക ആവശ്യത്തിന് എല്ലായിടത്തും എത്തിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. മരുന്നിനെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കും ചേരിക്കെതിരെ കേസെടുക്കാന്‍ ഡിജിപി സൈബര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ പരാതിയിലാണ് നടപടി.പ്രളയ ബാധിത ജില്ലകളെല്ലാം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam