
കൊച്ചി: നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീൻ പോൾ ലാലിനെതിരായി രജിസ്റ്റര്‍ ചെയ്‍ത കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ് . സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ ഒത്തുതീര്‍ക്കാനാകൂവെന്നും അശ്ലീല സംഭാഷണവും ബോഡി ഡബിളിംഗും ക്രിമിനൽ കുറ്റമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. കേസ് നിലനിൽക്കുമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
ഹണീബി 2 ന്‍റെ ചിത്രീകരണത്തിനിടയിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നവർക്കെതിരെയായിരുന്നു പരാതി. നടി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ എറണാകുളം പനങ്ങാട് പൊലീസാണ് കേസെടുത്തത്. പിന്നീട് അന്വേഷണച്ചുമതല തൃക്കാക്കര എസിപി പിപി ഷംസ് ഏറ്റെടുത്തു.ആദ്യഘട്ടത്തിൽ വഞ്ചനയും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയതെങ്കിൽ പിന്നീട് ഡ്യൂപ്പിനെ ഉപയോഗിച്ചതടക്കം പരിഗണിച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരായ നിയമവും ഐടി ആക്ടും ചുമത്തി. നടിയുടെ മൊഴി എസിപി രണ്ടാമതും രേഖപ്പെടുത്തിയെങ്കിലും മുഖ്യപ്രതികളായ സംവിധായകൻ ജീൻപോൾ ലാലിനെയും നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറായില്ല. മറ്റ് ചില അണിയറപ്രവർത്തകരെ ചോദ്യം ചെയ്യുന്നുണ്ടെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ പ്രതികളെ ചോദ്യം ചെയ്യാനാകൂ എന്നുമുള്ള നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.
കേസ് അഡീഷണൽ ജില്ലാ കോടതി പരിഗണിക്കുന്നതിനിടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന നടിയുടെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അണിയറപ്രവർത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരായ പരാതി ഒത്തു തീർപ്പ് ചർച്ചയിലൂടെ പരിഹരിച്ചതായാണ് സത്യവാങ്മൂലം. സത്യവാങ്മൂലത്തിന്‍റെ നിയമ സാധുത പരിശോധിച്ചേശഷം തീരുമാനം അറിയിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam