സമാധാനസന്ദേശവുമായി സര്‍ക്കാര്‍: കശ്മീരി യുവാക്കള്‍ക്കെതിരായ 4500 കേസുകള്‍ പിന്‍വലിക്കുന്നു

By Web DeskFirst Published Nov 21, 2017, 8:42 PM IST
Highlights

ന്യൂഡല്‍ഹി; കശ്മീരില്‍ അശാന്തി പടര്‍ത്തുന്ന തീവ്രവാദസംഘടന ലഷ്‌കര്‍ ഇ തൊയിബയെ നയിക്കുന്ന കമാന്‍ഡര്‍മാരെ ഓരോരുത്തരായി സൈന്യം ഇല്ലാതാക്കുന്നതിനിടെ, മേഖലയിലെ യുവാക്കളെ തീവ്രവാദികളില്‍ നിന്നും തിരികെ പിടിക്കാന്‍ തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ദിന്വേശര്‍ ശര്‍മ്മ. 

സൈന്യത്തിനെതിരായി കല്ലെറിഞ്ഞ കുറ്റത്തിന് കശ്മീരിലെ യുവാക്കളുടെ പേരില്‍ രജിസ്റ്റര്‍  ചെയ്ത 4500 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാസേനയും താഴ്‌വരയിലെ പ്രക്ഷോഭകാരികളും തമ്മില്‍ തുടരുന്ന സംഘര്‍ത്തിന് അറുതി വരുതുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം.തീരുമാനിച്ചു.

ഈ മാസമാദ്യം താഴ്‌വരയില്‍ സന്ദര്‍ശനം നടത്തിയ ദിന്വേശര്‍ ശര്‍മയോട് കല്ലേറ് കേസുകള്‍ പിന്‍വലിക്കണമെന്ന് വിവിധ വ്യക്തികളും സംഘടനകളും അപേക്ഷിച്ചിരുന്നു.ഹിസ്ബുള്‍ മുജാഹീദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന് നേരെ വ്യാപകമായി കല്ലേറുണ്ടായത്. 11,500-ഓളം കേസുകളാണ് കല്ലെറിഞ്ഞവരുടെ പേരില്‍ കഴിഞ്ഞ ജൂലൈ മുതല്‍ സുരക്ഷാസേനകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

ഇതില്‍ 4500-ഓളം പേര്‍ ആദ്യമായിട്ടാണ് പോലീസ് കേസില്‍ പ്രതിയാവുന്നത്. ഇവര്‍ക്കാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കുക. സര്‍ക്കാരിന്റെ ഈ നീക്കത്തിന് ലഭിച്ച പിന്തുണ കണക്കിലെടുത്ത് അവശേഷിക്കുന്ന കേസുകള്‍ കൂടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ്  വിവരം. കശ്മീര്‍ ഭരിക്കുന്ന പിഡിപി-ബിജെപി സര്‍ക്കാരിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തേക്കും. 

ഇതോടൊപ്പം തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല.താഴ്‌വരയിലെ ജനങ്ങളെ സന്ദര്‍ശിച്ച ദിന്വേശര്‍ ശര്‍മ അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അവ പരിഹരിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ശൈത്യകാലത്ത് മേഖലയില്‍ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കശ്മീരിന് 300 മെഗാവാട്ട് അധികവൈദ്യുതി അനുവദിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. 

വര്‍ഷം മുഴുവന്‍ വൈദ്യുതി ഉറപ്പാക്കാനായി കശ്മീരില്‍ പ്രത്യേകം പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഊര്‍ജ്ജമന്ത്രാലയത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ക്കുള്ള നഷ്ടപരിഹാരം 40  ലക്ഷത്തില്‍ നിന്നും ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. 

കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്ന പ്രത്യേക കോര്‍ കമ്മിറ്റി മുന്‍പാകെയാണ് നിര്‍ദേശങ്ങള്‍ ശര്‍മ അവതരിപ്പിക്കുന്നത്. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവര്‍ അംഗങ്ങളായ ഈ സമിതിയാണ് ശര്‍മയുടെ നിര്‍ദേശങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്നത്. 

click me!