
മുംബൈ: നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാന പടേക്കറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നാന പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ കേസ് എടുത്തത്.
2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് തനുശ്രീ നേരത്തെ ആരോപിച്ചിരുന്നു.
പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തനുശ്രീ സെറ്റില്‍ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആള്‍ക്കാര്‍ നടിയുടെ കാര്‍ ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ നേരത്തേ തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നടന്‍റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ലോക വ്യാപകമായി സ്ത്രീകള്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന 'മീ റ്റു ' ക്യാമ്പൈന്‍ ആരംഭിച്ചതോടെയാണ് തനുശ്രീ നാനാപടേക്കര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.
രണ്ടാഴ്ച മുന്‍പാണ് ആ നടന്‍ നാനാ പടേക്കറാണെന്ന് തനുശ്രീ വെളിപ്പെടുത്തുന്നത്. ഇതിനു പിന്നാലെ പടേക്കറും വിവേകും നടിക്ക് നോട്ടീസയച്ചു. എന്നാല്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീക്കാണ്. തുടര്‍ന്നാണ് നടി പോലീസ് കേസ് നല്‍കിയത്. ഇതോടെ പടേക്കറിനെതിരായ ആരോപണം പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam