പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കും

By Web DeskFirst Published Aug 13, 2017, 1:05 AM IST
Highlights

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ പിസി ജോര്‍ജ്ജ് എംഎൽഎക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുക്കും. പി സി ജോർജ്ജിന്റെ മൊഴിയെടുക്കാൻ സ്പീക്കറുടെ അനുമതി തേടാനാണ് തീരുമാനം.

വാര്‍ത്താ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അഭിമുഖങ്ങളിലുമാണ്  പിസി ജോര്‍ജ്ജ് നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനങ്ങൾ സ്ത്രീത്വത്തെ ഹനിക്കുന്നതെന്നാണ് കമ്മീഷൻ വിലയിരുത്തൽ. വനിതാ കമ്മീഷൻ ആക്ട് പ്രകാരം വനിതകൾക്കെതിരായ ഏത് തരം അതിക്രമങ്ങൾക്കും കേസെടുക്കാൻ  കമ്മീഷന് അധികാരമുണ്ട്. അപകീര്‍ത്തി കേസിൽ ബന്ധപ്പെട്ടയാളുടെ പരാതി വേണമെന്നില്ല.

പിസി ജോര്‍ജ്ജിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കാനും തുടര്‍ നടപടികൾക്കും ചെയര്‍പേഴ്സണ്‍ എംസി ജോസഫൈൻ നിര്‍ദ്ദേശം നൽകിയത്. മൊഴി രേഖപ്പെടുത്താൻ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നൽകും. ജനപ്രതിനിധിക്ക് നേരെയുള്ള നടപടിയായതിനാൽ പതിവിൽ കവിഞ്ഞ സൂക്ഷ്മത നടപടികളിലുണ്ടെന്നും നീതിക്ക് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും എംസി ജോസഫൈൻ അറിയിച്ചു. അതേസമയം കേസ് വന്നാൽ അതിന്റെ വഴിക്ക് കാണാമെന്നാണ് പിസി ജോര്‍ജ്ജിന്റെ നിലപാട്.


 

click me!