
മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ചു. ഫയലുകള്‍ കാണാതായെന്ന പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ കേസെടുത്ത് അന്വേഷണം തുടങ്ങിയില്ല. അതിനിടെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സസ്‌പെന്‍റ് ചെയ്ത നാല് ജീവനക്കാരെ തിരിച്ചെടുക്കുക കൂടി ചെയ്തതോടെ ഫയലുകള്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ ഒരന്വേഷണവുമില്ലെന്ന് വ്യക്തമായി.
ലേക് പാലസ് റിസോര്‍ട്ട് ആലപ്പുഴ നഗരസഭയില്‍ കെട്ടിടാനുമതിയ്‌ക്കായി നല്‍കിയ മുഴുവന്‍ ഫയലുകളുമാണ് ഏഷ്യാനെറ്റ്ന്യൂസ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. അപേക്ഷകിട്ടി ദിവസങ്ങള്‍ക്കകം തന്നെ ഫയലുകള്‍ കാണാതായെന്ന് ആലപ്പഴ നഗരസഭ സ്ഥിരീകരിച്ച് ഡിവൈഎസ്‌പിക്ക് പരാതിയും കൊടുത്തു. പക്ഷേ പോലീസനങ്ങിയില്ല. ഒരു മാസത്തിനിപ്പുറം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലും തയ്യാറായില്ലെന്നതാണ് വസ്തുത.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തന്നെ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും നേരിട്ട് പരാതി നല്‍കിയെങ്കിലും അതിലും ഒന്നുമുണ്ടായില്ല. ഫയലുകള്‍ കാണാതായതോടെ ബന്ധപ്പെട്ട സെക്ഷനിലെ നാല് ജീവനക്കാരെ കഴിഞ്ഞ മാസം 22 ന് ചേര്‍ന്ന കൗണ്‍സില്‍യോഗം സസ്‌പെന്‍റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാരും ഇടതനുകൂല സര്‍വ്വീസ് സംഘടനയും പണിമുടക്കിയതോടെ നഗരസഭ മുട്ടുകുത്തി. നാല് പേര്‍ വീണ്ടും ജോലിയില്‍ തിരിച്ച് പ്രവേശിച്ചു. പൊലീസ് അന്വേഷണം നടക്കാതായിട്ടും പക്ഷേ നഗരസഭയ്‌ക്കും കേസില്‍ താല്‍പര്യമില്ല. കേസ് എടുപ്പിച്ച് ഉത്തരവാദികളെ കണ്ടെത്താനുള്ള ഒരു നടപടിയും പിന്നീടുണ്ടായതുമില്ല. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത പൊലീസിന്‍റെ നടപടി ദുരൂഹമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam