ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന മുറിയിലെത്തിച്ച് തെളിവെടുത്തു

By Web TeamFirst Published Sep 23, 2018, 11:49 AM IST
Highlights

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയ 20ാം നമ്പര്‍ മുറിയിലെത്തിച്ച്  മഠത്തിലെ പരിശോധനകളും തെളിവടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയ 20ാം നമ്പര്‍ മുറിയിലെത്തിച്ച്  മഠത്തിലെ പരിശോധനകളും തെളിവടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.

മഠത്തിലെ രജിസ്റ്ററില്‍ സന്ദര്‍ശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകള്‍ ഫ്രാങ്കോയെ കാണിച്ച് ബോധ്യപ്പെടുത്തി.  കന്യാസ്ത്രീകളെ മഠത്തിലെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

അതേസമയം  ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന  (പോളിഗ്രാഫ് ടെസ്റ്റ്)  നടത്താനായി കോടതിയിൽ അപേക്ഷ നൽകാന്‍ അന്വേഷണസംഘം നടപടി തുടങ്ങി. ബലാത്സംഗ പരാതിയില്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ചോദ്യം ചെയ്യലിലുടനീളം കുറ്റം സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായിരുന്നില്ല.  

തെളിവുകളുടെയും സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മൗനം പാലിക്കുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും അല്ല എന്ന മറുപടിയാണ് ഫ്രാങ്കോ നല്‍കിയത്. തുടര്‍ന്നാണ് നുണപരിശോധന നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്. അതേസമയം  കേസിൽ കൂടുതൽ അറസ്റ്റിനും അന്വേഷണസംഘം ഒരുങ്ങുകയാണ്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വൈദികനായ ജെയിംസ് എർത്തയിൽ, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ ഉൾപ്പടെയുള്ളവരാണ് മറ്റു പ്രതികൾ. അന്വേഷണം പൂർത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെ ജലന്ധറിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. 

ഇതിനിടെ കുറുവിലങ്ങാട് മഠത്തിലെ മറ്റ് ചില കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തേക്കെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകന്‍ നോട്ടീസ് നല്‍കി. ഹാജരായ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ബിഷപ്പ് കുറ്റകൃത്യം സമ്മതിക്കാത്തതായിരുന്നു നേരത്തെ തന്നെ നടക്കേണ്ടിയുരുന്ന അറസ്റ്റ് വൈകാന്‍ പ്രധാന കാരണം. എന്നാല്‍ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈംഗിക പീഡനം നടത്തിയതായി അന്വേഷണസംഘത്തിന് ഉറപ്പായതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

click me!