
കൊച്ചി: ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാര്‍ ആൻഡ്രൂസ് താഴത്ത് രംഗത്ത്. കുർബാനക്കും പള്ളിയുടെ ജൂബിലി യുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവര്‍ പോയത്. മത പരിവർത്തനം ആണ് അക്രമികൾ ആരോപിച്ചത്. വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നത്. മലയാളി വൈദികനുമായി സംസാരിച്ചു. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രം അല്ല രാജ്യത്തിന്‍റെ ഭരണ ഘടന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു
നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴി വയ്ക്കുന്നു. ഛത്തിസ്ഗഡിലെ കന്യാസ്ത്രീകൾക്ക് എതിരായ കേസ് റദാക്കണം. ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും ഇതിന് ഉത്തരവാദിത്തം ഉണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ക്രൈസ്തവർ പേടിയോടെയാണ് കഴിയുന്നത്. ആ സാഹചര്യം ഇല്ലാതാവണം. ഇതിനു മുൻപ് 3 തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രാജ്യത്തെ മിഷണറി പ്രവർത്തനങ്ങൾക്കെതിരെ ആസൂത്രിതമായി അതിക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിഷയം ഇന്ന് പാർലമെൻറ് അടക്കം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം അതിക്രമത്തിനെതിരെ മലയാളികൾ അടക്കമുള്ള വൈദികർ പോലീസിൽ പരാതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam