
ഗുരുഗ്രാം: ഹരിയാനയിലെ ജിന്ദിൽ ഒരു ഡയറി ഫാമിൽ ജോലി ചെയ്തിരുന്ന 15 വയസുകാരൻ മുറിഞ്ഞ കയ്യും വച്ച് രക്ഷപ്പെടാനായി നടന്നത് 150 കിലോമീറ്റർ. ജിന്ദിൽ നിന്നും കുട്ടി ചൊവ്വാഴ്ച്ചത്തേക്ക് നടന്നെത്തിയത് നുഹ് ജില്ലയിൽ. ഇവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നുഹിൽ വച്ച് രണ്ട് അധ്യാപകരും പൊലീസും കുട്ടിയെ രക്ഷപ്പെടുത്തി ആവശ്യമായ വൈദ്യസഹായം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ നൽകി. പിന്നീട് കുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ, ദൗർഭാഗ്യവശാൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ജോലിക്കിടെ, ഡയറി ഫാമിൽ വെച്ചുണ്ടായ പരിക്ക് കൂടുതൽ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കൈമുട്ടിൽ നിന്ന് കൈ മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ കിഷൻഗഞ്ചിലാണ് കുട്ടിയുടെ വീട്. നിലവിൽ അച്ഛനും സഹോദരനും ഒപ്പമുണ്ട്.
തന്നെ, മറ്റു ചെലവുകൾക്ക് പുറമേ 10,000 രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്താണ് ജോലിക്കെടുത്തതെന്നും എന്നാൽ ഒരു ഒറ്റ മുറിയിൽ താമസിപ്പിച്ച് ഭക്ഷണവും വേതനവും പോലും തന്നില്ലെന്നും കുട്ടി പൊലീസിന് മൊഴി നൽകി. ഡയറി ഫാമിൽ, മോട്ടോർ ഘടിപ്പിച്ച കാലിത്തീറ്റ ചോപ്പ് ചെയ്യു്ന്ന മെഷീൻ പ്രവർത്തിപ്പിച്ചപ്പോഴാണ് കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഇതറിഞ്ഞ സ്ഥാപനത്തിലെ മറ്റൊരു ജോലിക്കാരൻ എന്തോ മരുന്ന് നൽകിയെന്നും ഇത് കഴിച്ചതും ബോധം നഷ്ടപ്പെട്ടുവെന്നും കുട്ടി പറഞ്ഞു. ഉണർന്നപ്പോൾ ഒരു ഡിസ്പെൻസറിയിലായിരുന്നു. കൈവശം കുറച്ചു പണവും ഉണ്ടായിരുന്നു. ഡിസ്പെൻസറി ജീവനക്കാരനാണ് രക്ഷപ്പെടാൻ പറഞ്ഞതെന്നും കുട്ടിയുടെ മൊഴി.
പിന്നീട് 1,000 കിലോമീറ്റർ അകലെയുള്ള ബിഹാറിലെ വീട്ടിലേക്കാണ് കുട്ടി നടക്കാൻ ആരംഭിച്ചത്. എന്നാൽ നുഹിൽ ടൗരുവിന് സമീപം രണ്ട് അധ്യാപകർ കുട്ടിയെ കാണുകയായിരുന്നു. ഇവരാണ് പിന്നീട് കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിക്ക്ല ഒരു സെറ്റ് വസ്ത്രവും വാങ്ങി നൽകുകയായിരുന്നു. പിന്നീട് നുഹ് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം നൽകുകയും ചെയ്തു.
എന്നാൽ, കുട്ടിയുടെ ചികിത്സാ ആവശ്യത്തിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണ് കുടുംബം. ഹരിയാനയിലെ റോഹ്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിൽ കഴിയുന്നത്.