മെഡിക്കല്‍ കോളേജ് കുംഭകോണകേസ്; ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അറസ്റ്റില്‍

By Web DeskFirst Published Sep 21, 2017, 8:15 PM IST
Highlights

ഭുബനേശ്വര്‍: മെഡിക്കല്‍ കോളേജ് കുംഭകോണകേസില്‍ അറസ്റ്റിലായ ഒഡീഷ ഹൈക്കോടതി മുന്‍  ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസിയെ, നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒരു ഹവാല ഓപ്പറേറ്ററും രണ്ട് ഇടനിലക്കാരും ഉള്‍പ്പെടെ ആറ് പേര്‍ കേസില്‍ പ്രതികളാണ്.ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിനു വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ഇടപെട്ടു എന്നാരോപിച്ചാണ് അറസ്റ്റ്.
 
മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി 46 മെഡിക്കല്‍കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ മെഡിക്കല്‍ കൗണ്‍‍സില്‍ അനുമതി നിഷേധിച്ചിരുന്നു. ഈ പട്ടികയില്‍പെട്ട ലകനൗവിലെ പ്രസാദ് എഡ്യുക്കേജന്‍ ട്രസ്റ്റിന്, അവിഹിത ഇടപെടലിലൂടെ കോടതി വഴി അനുമതി ലഭിക്കാന്‍ ഇടപെട്ടതിനാണ് ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസിയെ സിബിഐ അറസ്റ്റ് ചെയ്തത്. ട്രസ്റ്റ് അംഗങ്ങളായ ബി പി യാദവ്, പലാഷ് യാദവ്, ഇടനിലക്കാരായ ഭാവനാ പാണ്ഡെ, ബിശ്വനാഥ് അഗര്‍വാള്‍, ഹവാല ഓപ്പറേറ്റര്‍ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെയുള്ള ഹ‍ര്‍ജി സുപ്രീംകോടതിയില്‍  എത്തിയപ്പോള്‍ ജഡ്ജിമാരെ സ്വാധീനിക്കാം എന്ന് ഉറപ്പുനല്‍കിയാണ് മുന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടത്. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിച്ച് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനത്തിന് സ്റ്റേ വാങ്ങാന്‍  ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഖുദ്ദൂ്സ്സിയുടെ ഭുവനേശ്വര്‍, ലകനൗ, ദില്ലി എന്നിവിടങ്ങളിലെ വസതികള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. രണ്ട് കോടിരൂപ പിടിച്ചെടുക്കുകയും ചെയ്തു.

 

click me!