പ്രതിഷേധക്കാരെ നേരിടാൻ മേഖലയിൽ വളരെ കുറച്ച് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവരിലൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്
റായ്പൂർ: ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ വനിത പൊലീസുകാരിയുടെ വസ്ത്രമുരിയാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വസ്ത്രം വലിച്ച് കീറാനും ദൃശ്യങ്ങളെടുക്കാനും പ്രതിഷേധക്കാർ ശ്രമിച്ചത്. ഡിസംബർ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാരാണ് ഈ മേഖലയിൽ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഡിസംബർ 27ന് പ്രതിഷേധം അക്രമാസക്തമായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു. പൊതുസ്വത്തിന് വലിയ രീതിയിൽ പ്രതിഷേധക്കാർ നാശം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ മേഖലയിൽ വളരെ കുറച്ച് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവരിലൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പ്രതിഷേധക്കാർ അക്രമാസക്തരായതിന് പിന്നാലെ പൊലീസുകാരി സംഘർഷ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അറസ്റ്റുമായി പൊലീസ്
നിലത്ത് വീണ പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം വലിച്ചുകീറുന്ന പുരുഷന്മാരോട് ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. എന്തിനാണ് ഇവിടെ വന്നത് എന്നും അടി വേണോയെന്നും ചോദിച്ച് ചെരിപ്പ് വച്ച് അടിക്കാനോങ്ങുന്ന ഒരാളും വസ്ത്രം വലിച്ച് കീറുന്ന മറ്റൊരാളുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. കൈകൾ കൂപ്പി വെറുതെ വിടാൻ അപേക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയേയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. സഹോദരാ താനാരെയും മർദ്ദിച്ചിട്ടില്ല, വെറുതെ വിടൂവെന്ന് യാചിക്കുന്ന പൊലീസുകാരിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
പൊലീസുകാരിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അക്രമികളിലൊരാൾ തന്നെയാണ് ചിത്രീകരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് മാർകം വിശദമാക്കിയത്. ഓൾ ഇന്ത്യ മഹിള കോൺഗ്രസ് ആണ് വീഡിയോ പുറത്ത് വിട്ടത്. പൊലീസുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇരട്ട എൻജിനുള്ള ബിജെപി സർക്കാർ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പൂർണ പരാജയം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.


