പാകിസ്ഥാനെ 'മോശം അയൽക്കാരൻ' എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, തീവ്രവാദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി.
ചെന്നൈ: പാകിസ്ഥാനെ 'മോശം അയൽക്കാരൻ' എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , തീവ്രവാദത്തിനെതിരെ സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ, ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞത് "നമ്മൾ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ ആർക്കും പറയാൻ കഴിയില്ല" എന്നാണ്.
"മോശം അയൽക്കാരും ഉണ്ടാകാം. നിർഭാഗ്യവശാൽ, നമുക്കതുണ്ട്. നിങ്ങൾക്ക് മോശം അയൽക്കാർ ഉള്ളപ്പോൾ, ഒരു രാജ്യം മനഃപൂർവ്വം സ്ഥിരമായി പശ്ചാത്താപമില്ലാതെ തീവ്രവാദം തുടരുമെന്ന് തീരുമാനിക്കുകയാണെങ്കിൽ, നമ്മുടെ ജനങ്ങളെ തീവ്രവാദത്തിൽ നിന്നും രക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ ആ അവകാശം വിനിയോഗിക്കും. ആ അവകാശം നമ്മൾ എങ്ങനെ വിനിയോഗിക്കണം എന്നത് നമ്മളെ ആശ്രയിച്ചിരിക്കുന്നു. നമ്മൾ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ ആർക്കും പറയാൻ കഴിയില്ല. സ്വയം പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യും"- എന്നാണ് ജയശങ്കർ പറഞ്ഞത്.
പഹൽഗാം ആക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായി സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചതിനെ കുറിച്ചും ജയശങ്കർ സംസാരിച്ചു- "വർഷങ്ങൾക്കുമുമ്പ്, നമ്മൾ ജല പങ്കിടൽ കരാറിന് സമ്മതിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി തീവ്രവാദം നിലനിൽക്കുമ്പോൾ നല്ല അയൽപക്ക ബന്ധം സാധ്യമല്ല. നല്ല അയൽപക്ക ബന്ധം ഇല്ലെങ്കിൽ, ആ ബന്ധത്തിന്റെ ഗുണങ്ങൾ ലഭിക്കില്ല" എന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യ വിവിധ തരത്തിലുള്ള നിരവധി അയൽക്കാരാൽ അനുഗ്രഹീതമാണെന്നും ജയശങ്കർ പറഞ്ഞു- "നിങ്ങൾക്ക് നല്ലവനായ, അല്ലെങ്കിൽ കുറഞ്ഞത് നിങ്ങൾക്ക് ദോഷം ചെയ്യാത്ത ഒരു അയൽക്കാരൻ ഉണ്ടെങ്കിൽ, ദയ കാണിക്കുകയും സഹായിക്കുകയും ചെയ്യും. അതാണ് ഒരു രാജ്യം എന്ന നിലയിൽ നമ്മൾ ചെയ്യുന്നത്" അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരവാദത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം വിനിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.


