
ദില്ലി: രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതിക്കേസിൽ വയലാര്‍ രവിയുടെ മകൻ രവി കൃഷ്ണയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗലോട്ട്, കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകൾ ആദ്യ കുറ്റപത്രത്തിലില്ല.
2010-13 കാവലളവിൽ കോൺഗ്രസ് ഭരണകാലത്ത് 108 ആംബുലൻസ് നടത്തിപ്പിൽ രണ്ട് കോടി 56 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടായെന്ന പരാതിയാണ് സിബിഐ അന്വേഷിച്ചത്. മതിയായ യോഗ്യതയില്ലാത്ത രവി കൃഷ്ണയുടെ സികിറ്റ്സ ഹെൽത്ത് കെയര്‍ എന്ന കമ്പനിക്ക് ആംബുലൻസ് കരാര്‍ നൽകിയെന്നാണ് പരാതി.
ജിപിഎസ് ഘടിപ്പിക്കാതെ അധികദൂരം ഓടിയെന്ന് വ്യാജ രേഖകൾ ഉണ്ടാക്കി സികിറ്റ്സ പണം തട്ടിയെടുത്ത കേസിൽ ഡയറക്ടര്‍ രവി കൃഷ്ണ, സിഇഒ ശ്വേത മംഗൾ, ഉദ്യോഗസ്ഥൻ അമിത് ആന്‍റണി അലക്സ് എന്നിവരെ പ്രതി ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനൽ ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളും ചുമത്തി. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ കുറ്റപത്രം നൽകിയത്.
അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പിന്നീട് പ്രതി ചേർക്കാനിടയുണ്ടെന്നും സിബിഐ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഒപ്പം മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ മകൻ കാര്‍ത്തി ചിദംബരത്തിന്‍റെ പേരും 2015 ഓഗസ്റ്റിൽ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ ഉണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇവരെയൊക്കെ ഒഴിവാക്കിയാണ് കുറ്റപത്രം സികിറ്റ്സ കമ്പനിയിലേക്ക് സിബിഐ ചുരുക്കിയത്. രവികൃഷ്ണയുടെ 11കോടി 57 ലക്ഷം രൂപയുടെ സ്വത്ത് നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ജയ്പൂർ മേയറായിരുന്നു പങ്കജ് ജോഷി 2014 ജൂലൈ 31നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam