ക്രിസ്ത്യൻ മിഷേലിനെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് സിബിഐ; ഉറക്കം രണ്ട് മണിക്കൂർ മാത്രം

By Web TeamFirst Published Dec 6, 2018, 10:42 AM IST
Highlights

അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിലെ രഹസ്യങ്ങൾ ചോദിച്ചറിയാൻ കഠിനമായ ചോദ്യ ചെയ്യൽ രീതി തന്നെയാണ് സിബിഐ അവലംബിയ്ക്കുന്നത്. രാത്രി മുഴുവൻ ക്രിസ്ത്യൻ മിഷേലിന്‍റെ ചോദ്യം ചെയ്യൽ നീണ്ടു. പുലർച്ചെ നാല് മണി മുതൽ ആറ് മണി വരെ മാത്രമാണ് ഉറങ്ങാൻ അനുവദിച്ചതെന്നും സൂചന.

ദില്ലി: അഗസ്റ്റ വെസ്‍റ്റ്‍ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ വിവാദ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്‍റെ ചോദ്യം ചെയ്യൽ അർധരാത്രി മുഴുവൻ നീണ്ടതായി സൂചന. ഇടപാടുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോദിച്ചറിയാൻ കഠിനമായ ചോദ്യം ചെയ്യൽ രീതിയാണ് സിബിഐ അവലംബിയ്ക്കുന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കൂർ മാത്രമാണ് ക്രിസ്ത്യൻ മിഷേലിനെ സിബിഐ ഉദ്യോഗസ്ഥ‌ർ ഉറങ്ങാൻ അനുവദിച്ചത്. 

അർധരാത്രി വരെ ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ക്രിസ്ത്യൻ മിഷേൽ ശാരീരികാസ്വാസ്ഥ്യതകൾ പ്രകടിപ്പിച്ചു. തുടർന്ന് ഡോക്ടർമാരെത്തി പരിശോധന നടത്തി. ഇതേത്തുടർന്നാണ് പുല‍ർച്ചെ നാല് മണി മുതൽ ആറ് മണി വരെ മിഷേലിനെ സിബിഐ ഉറങ്ങാൻ അനുവദിച്ചത്. 

ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകളും രേഖകളിലെ വിശദാംശങ്ങളുമാണ് മിഷേലിൽ നിന്ന് സിബിഐ പ്രധാനമായും ചോദിച്ചറിയാൻ ശ്രമിയ്ക്കുന്നത്. സിബിഐയുടെ പ്രത്യേക അന്വേഷണസംഘമാണ് മിഷേലിനെ ചോദ്യം ചെയ്യുന്നത്. 

ഇന്നലെയാണ് ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ക്രിസ്ത്യൻ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് വിട്ടു നൽകിയത്. സിബിഐ ജോയന്‍റ് ഡയറക്ടർ സായ് മനോഹറുടെ നേതൃത്വത്തിലുള്ള സഘമാണ് മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെ ദില്ലിയിലെത്തിയ മിഷേലിനെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തുടർന്ന് ഇന്നലെ ഉച്ചയോടെ മിഷേലിനെ സിബിഐ ആസ്ഥാനത്തെത്തിച്ചു. വൈകിട്ട് നാല് മണിയോടെ ദില്ലി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ക്രിസ്ത്യൻ മിഷേലിനെ അ‍ഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. 

തുടർന്നാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ ക്രിസ്ത്യൻ മിഷേലിന്‍റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇറ്റലിയിലെ ഹെലികോപ്റ്റർ ഇടപാട് കമ്പനിയ്ക്ക് മിഷേൽ അയച്ച ചില രഹസ്യരേഖകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പ്രധാനമായും സിബിഐ ചോദിച്ചറിയാൻ ശ്രമിയ്ക്കുന്നച്. വിവിഐപികൾക്കായി 12 അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട് 3600 കോടി രൂപയുടെ കോഴപ്പണം കൈമാറിയെന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കേസ്. ഇടപാടിൽ ഇടനിലക്കാരനായതിന് അഗസ്റ്റ വെസ്റ്റ്‍ലാൻഡ്, ഫിൻമെക്കാനിക്ക എന്നീ കമ്പനികളിൽ നിന്ന് 42.27 മില്യൺ യൂറോയാണ് കമ്മീഷനായി ക്രിസ്ത്യൻ മിഷേലിന്‍റെ കമ്പനികൾക്ക് കിട്ടിയതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്താനായാൽ എങ്ങനെയാണ് കോഴപ്പണം നൽകിയതെന്ന വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിബിഐ.

click me!