
ഇരിങ്ങാലക്കുട: രാത്രികാലങ്ങളില്‍ തനിച്ച് താമസിക്കുന്നവര്‍ക്ക് കള്ളന്മാരെ മാത്രം ഭയന്നാല്‍ പോരെന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങള്‍. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്. അടുത്തിടെ കള്ളന്മാരുടെ ശല്യം പ്രദേശത്ത് ഉണ്ടായതും വാര്‍ത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതും സിസിടിവി വയ്ക്കാന്‍ കാരണമായതെന്ന് വീട്ടുകാര്‍ വിശദമാക്കുന്നു.
രാത്രി കാലങ്ങളില്‍ വീടില്‍ ആരോ വരുന്നതായി വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു എന്നാല്‍ അത് മോഷ്ടാവാണെന്നുളള ധാരണയാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതോടെ പൊളിഞ്ഞത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ചെയ്യുന്ന മൂത്ത മകള്‍ അശ്വിനി ശേഖര്‍ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് അറിയുന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാല്‍പത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയില്‍ പതിഞ്ഞത്. ആദ്യം കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി കുറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുനില വീട്ടില്‍ ആദ്യം കിടപ്പുമുറികളുടെ ജനാലകള്‍ക്ക് അരികിലും പിന്നീട് ബാത്ത്റൂമിന് സമീപവും ഇയാള്‍ എത്തിയതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് അശ്വിനി ശേഖര്‍ പറയുന്നു.
മുകള്‍ നിലയിലെ ബാത്ത്റൂമിന് പുറത്ത് ആരോ ഉണ്ടെന്ന സംശയം തോന്നിയ സഹോദരി സിസിടിവി പരിശോധിച്ചപ്പോള്‍ നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഇയാളെ കാണുകയും ചെയ്തതോടെയാണ് അയല്‍ക്കാരെയും പൊലീസിനെയും വിളിച്ചത്. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ അയല്‍ക്കാര്‍ അകത്ത് എത്തുമ്പോഴേക്കും ഇയാള്‍ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതിന് മുമ്പ് പല തവണ ഇരുട്ട് പരക്കുന്നതോടെ ഇയാള്‍ വീടിന് സമീപം എത്തിയത് ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ ഇയാള്‍ ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിസരപ്രദേശത്തുള്ളവര്‍ ആരെങ്കിലുമാണോയെന്ന് അറിയില്ലെന്ന് അശ്വിനി ശേഖര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam