മണല്‍ കടത്തിനെതിരെ ചൂരലെടുത്ത് കേന്ദ്ര സര്‍ക്കാര്‍

By Web deskFirst Published Mar 21, 2018, 1:15 PM IST
Highlights
  • അനധികൃത മണല്‍ ഖനനം രാജ്യം മുഴുവന്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചത്

ദില്ലി: സംസ്ഥാനങ്ങള്‍ക്കായുളള കേന്ദ്ര സര്‍ക്കാരിന്‍റെ മണല്‍ ഖനനം നിയന്ത്രണ ചട്ടക്കൂട് തയ്യാറാവുന്നു. അനധികൃത മണല്‍ ഖനനം രാജ്യം മുഴുവന്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചത്. മൂന്നാമത് ദേശീയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് കോണ്‍ക്ലേവില്‍ ഖനന വകുപ്പുമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ചട്ടക്കൂട് തയ്യാറാവാന്‍ പോകുന്നതിനെപ്പറ്റി സൂചനകള്‍ നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് മൈനിംഗ് മന്ത്രാലയം നിയമിച്ച മൈനിംഗ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള കമ്മിറ്റി മണല്‍ ഖനനത്തിന് രാജ്യത്ത് നിലവിലുളള വിവിധ സംസ്ഥാന നിയമസഭകള്‍ തയ്യാറാക്കിയ നിയമങ്ങള്‍ വിശദമായി പരിശോധിച്ചു. 14 സംസ്ഥാനങ്ങളിലൂടെ കമ്മിറ്റി യാത്ര നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ചട്ടക്കൂട് തയ്യറാക്കുന്നത്. 

2015 ല്‍ നിലവില്‍ വന്ന ധാതു ലേല നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്യും. അനധികൃതമായ മണല്‍ കടത്ത് സര്‍ക്കാരിലേക്ക് വരേണ്ട നികുതി വരുമാനത്തില്‍ വലിയ കുറവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വരുത്തുന്നത്. കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ അനധികൃത മണല്‍ ഖനനം നടക്കുന്നത്. 2016 -17 ല്‍ മധ്യപ്രദേശ് 13,880 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-18 ല്‍ സെപ്റ്റംബര്‍ വരെ 7,854 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം. ആന്ധ്ര മൂന്നാമതും നാലാമതായി തമിഴ്നാടുമുണ്ട്.

click me!