ഇറാഖ് കൂട്ടക്കൊല; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

By Web DeskFirst Published Mar 21, 2018, 1:00 PM IST
Highlights
  • ഇത് അങ്ങേയറ്റം ഖേദകരമാണ്. മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ - മുഖ്യമന്ത്രി 

തിരുവനന്തപുരം: ഇറാഖില്‍ 39 ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേരള നിയമസഭ അനുശോചിച്ചു. കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഭയുടെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു. 

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാര്‍ലമെന്റില്‍ നേരിട്ട് അറിയിക്കുന്ന രീതിയാണ് ഉണ്ടായിട്ടുള്ളത്. 

ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടുവെന്ന്, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്സാക്ഷി ഹര്‍ജിത്ത് മാസിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിക്കുകയായിരുന്നുവെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. മാത്രമല്ല, മാസി നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. 

ഈ പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം വസ്തുത സഭയില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അങ്ങേയറ്റം ഖേദകരമാണ്. മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ - മുഖ്യമന്ത്രി പറഞ്ഞു. 

click me!