അട്ടപ്പാടി ജലസേചന പദ്ധതി: തമിഴ്‌നാടിന്റെ അഭിപ്രായം തേടാനാകാതെ നടപ്പാക്കാനാകില്ല

By Web DeskFirst Published Jul 31, 2016, 8:43 AM IST
Highlights

ദില്ലി: അട്ടപാടി ജലസേചന പദ്ധതി തമിഴ്‌നാടിന്റെ അഭിപ്രായം തേടാതെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. തമിഴ്‌നാടിന്റെ നിലപാടറിഞ്ഞ ശേഷമേ പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും പരിഗണിക്കൂ. നിലപാടറിയിക്കാതെ തമിഴ്‌നാട് നടപടികള്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.

അട്ടപ്പാടി ജലസേചന പദ്ധതിക്ക് പാരിസ്ഥിതികാനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയില്‍ തമിഴ്‌നാടിന്റെ അഭിപ്രായം തേടാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയസമിതി കഴിഞ്ഞ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. ശിരുവാണി നദിയില്‍ ചിറ്റൂരില്‍ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നു പത്തു കിലോ മീറ്റര്‍ പരിധിയിലായതിനാല്‍ തമിഴ്‌നാടിന്റെ അനുമതി അനിവാര്യമാണെന്നാണ് കേന്ദ്ര നിലപാട്. ഇതേതുടര്‍ന്ന് കഴിഞ്ഞ മെയ്യില്‍ സംസ്ഥാന ജലസേചന വകുപ്പ് സെക്രട്ടറി പദ്ധതിയെ ക്കുറിച്ച് അഭിപ്രായം തേടി തമിഴ്‌നാട് ജലസേചന സെക്രട്ടറിക്ക് കത്തയച്ചു. രണ്ടു മാസം കഴിഞ്ഞിട്ടും തമിഴ്‌നാടിന്റെ മറുപടി കിട്ടിയില്ല. തമിഴ്‌നാട് പ്രതികരണം അറിയിക്കാത്തതിനാല്‍ ഇനിയും മറുപടിക്ക് കാത്തുനില്‌ക്കേണ്ടതില്ലെന്ന് കാട്ടി ചീഫ് എഞ്ചിനീയര്‍ ജൂലൈ ആദ്യം പരിസ്ഥിതി മന്ത്രാലയത്തിനു കത്ത് നല്‍കി. എന്നാല്‍ ഇതിനു നല്‍കിയ മറുപടിയിലാണ് കേരളത്തിന്റെ ആവശ്യം പൂര്‍ണമായും കേന്ദ്രം തള്ളിയത്. അന്തര്‍ സംസ്ഥാന അതിര്‍ത്തിക്ക് സമീപത്തുള്ള പദ്ധതികള്‍ക്ക് പരിസ്ഥിതി നിയമപ്രകാരം അയല്‍ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ഷോളയാര്‍, അഗളി, കൊട്ടത്തറ പ്രദേശങ്ങളിലെ 4900 ഏക്കര്‍ ഭൂമിയില്‍ ജലസേചനവും മൂന്ന് മെഗാ വാട്ട് വൈദ്യുതോല്‍പ്പാദനവും ലക്ഷ്യമിടുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പദ്ധതി വീണ്ടും വൈകുമെന്ന് ഇതോടെ ഉറപ്പായി.

click me!