മോദിയെ ചായവില്‍പ്പനക്കാരനാക്കി; കോണ്‍ഗ്രസ് വിവാദക്കുരുക്കില്‍

By Web DeskFirst Published Nov 21, 2017, 11:55 PM IST
Highlights

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ചായ വാല' എന്ന് പരിഹസിച്ച യൂത്ത് കോണ്‍ഗ്രസ് കാര്‍ട്ടൂണ്‍ വിവാദം കുരുക്കിലേക്ക്. യുവ ദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ മാസികയിലാണ് മോദിയെ പരിഹാസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് പരിഹാസ ട്രോള്‍ ഉണ്ടാക്കിയത്.

തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകള്‍ നിങ്ങള്‍ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോള്‍ 'മെമെ' എന്നല്ല 'മീം' എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നതും, 'നിങ്ങള്‍ ഇപ്പോഴും ചായ വില്‍ക്കുകയാണോ' തെരേസ മേ പറയുന്നതുമാണ് ട്രോളിലുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് ഇത് പിന്‍വലിച്ചു. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍  ഇതിനുള്ള ശിക്ഷ നല്‍കുമെന്ന് ബിജെപി പാര്‍ട്ടി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ലജ്ജമായ വര്‍ഗീയതയാണ് ഇത് വെളിവാക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമര്‍ശിച്ചു. 

ഇന്ത്യയുടെ ദരിദ്രരോടുള്ള കോണ്‍ഗ്രസിന്‍റെ മാനസികനില തുറന്നുകാട്ടപ്പെട്ടു. കിരീടാവകാശി രാഹുല്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ട്വീറ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. മനപ്പൂര്‍വം ചെയ്തതോ അല്ലാത്തതോ ആകട്ടെ, അത് വരുത്തിവയ്ക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നഷ്ടം സംഭവിച്ചുകഴിഞ്ഞു,ഇനിയത് തിരുത്താനാവില്ല' എന്നാണ് യൂത്ത്കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചത്. 'ട്രോള്‍ ട്വീറ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. മനപ്പൂര്‍വ്വം ചെയ്തതോ അല്ലാത്തതോ ആകട്ടെ, അത് നിങ്ങള്‍ക്ക് വരുത്തിവയ്ക്കുന്ന നഷ്ടം വലുതായിരിക്കും. കോണ്‍ഗ്രസ്സിന്റെ ജന്മിത്വ മനസ്ഥിതിയാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും' അദ്ദേഹം കുറ്റപ്പെടുത്തി.

പാവങ്ങളെ കളിയാക്കുന്ന മനസ്ഥിതി എത്രയോ അപഹാസ്യമാണെന്ന് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി ജനങ്ങള്‍ കോണ്‍ഗ്രസ്സിന് നല്‍കുമെന്ന് ബിജെപി നേതാവ് സംപീത് പത്ര പറഞ്ഞു. 2014ല്‍ നരേന്ദ്രമോദിയുടെ ജീവിതപശ്ചാത്തലത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശവും വലിയ വിവാദമായിരുന്നു.

എന്നാല്‍, വിമര്‍ശനങ്ങളോട് അകലം പാലിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചത് ഇത്തരം അപഹാസ്യമായ ട്രോളുകളെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ്. പ്രധാനമന്ത്രിയോടും രാഷ്ട്രീയ എതിരാളികളോടും ബഹുമാനമുള്ളവരാണ് കോണ്‍ഗ്രസ് എന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

click me!