ആദിത്യ തിരിച്ചെത്തി; പിണറായി വിളിപ്പിച്ചതിന് പിന്നാലെ ഡിസിപി കസേര ഒഴിഞ്ഞ് ചൈത്ര തെരേസ ജോൺ

By Web TeamFirst Published Jan 26, 2019, 9:15 AM IST
Highlights

എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയത് ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു. ബിജെപി ശബരിമല ക‍ർമസമിതി ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. 

തിരുവനന്തപുരം:  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപി സ്ഥാനം ഒഴിഞ്ഞ് ചൈത്ര തേരസ ജോൺ. വുമൺസ് സെൽ എസ്പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയിഡിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനും ചൈത്ര തേരേസ ജോണിനെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ  കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരസെ ജോണിന്റ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല.  ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങൾ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണർ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു. 

ബിജെപിയുടെയും ശബരിമല ക‍ർമസമിതിയുടെയും ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു

click me!