
കോതമംഗലം: ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - .യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷസാധ്യത. ഓർത്തഡോക്സ് റമ്പാനായ തോമസ് പോൾ വീണ്ടും പള്ളിയിലെത്തി. പ്രാർഥന നടത്താനെത്തിയ റമ്പാനെ യാക്കോബായ വിഭാഗക്കാർ വീണ്ടും തടഞ്ഞു.
റമ്പാന്‍റെ വാഹനം പൊലീസ് വലയത്തിലാണ്. റമ്പാന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. ഇരുന്നൂറോളം പൊലീസുകാരാണ് പള്ളി പരിസരത്ത് സുരക്ഷയുമായി എത്തിയത്. ഓർത്തഡോക്സ് വിശ്വാസികളായ ആരും റമ്പാനൊപ്പം എത്തിയിട്ടില്ല. പ്രാർഥന നടത്താനാണ് എത്തുകയെന്നും അതിനാൽത്തന്നെ വേറെ വിശ്വാസികളെ ആരെയും ഒപ്പം കൂട്ടില്ലെന്നും റമ്പാൻ വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെയും പള്ളിയിൽ റമ്പാൻ ആരാധന നടത്താനെത്തിയപ്പോൾ വലിയ സംഘർഷമാണുണ്ടായത്. രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആർക്കെന്ന കാര്യത്തിലാണ് ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നത്. 14 കുടുംബങ്ങൾ മാത്രമുള്ള ഓർത്തഡോക്സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങൾക്കാണ് പള്ളിയുടെ അവകാശമെന്നാണ് യാക്കോബായ വിഭാഗം അവകാശപ്പെടുന്നത്.
ഫാ. തോമസ് പോളിനെ 2017 ആഗസ്റ്റ് 16ന് കോതമംഗലം മാർത്തോമൻ ചെറിയ പള്ളി വികാരിയായി അങ്കമാലി ഭദ്രാസനാധിപൻ നിയമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിർപ്പിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നൽകിയ ഹരജിയിൽ ചെറിയ പള്ളിയിൽ ശുശ്രൂഷ നടത്താൻ വികാരി ഫാ. തോമസ് പോളിന് അനുമതി നൽകിയ മൂവാറ്റുപുഴ മുൻസിഫ് കോടതി യാക്കോബായ വിഭാഗക്കാർ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. റമ്പാന് പൊലീസ് സംരക്ഷണം ഒരുക്കാനും കോടതി നിർദേശിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ റമ്പാൻ സമീപിച്ചപ്പോൾ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കാട്ടി നോട്ടീസ് നൽകുകയാണ് ചെയ്തത്. മുൻസിഫ് കോടതി ഉത്തരവിട്ട സംരക്ഷണം നൽകാതെ ഇത്തരമൊരു നോട്ടീസ് നൽകിയതിന് ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Read More: പള്ളി ആർക്കും വിട്ടുകൊടുക്കില്ല; ഉറച്ച നിലപാടുമായി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam