
ഒരു മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷം ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ പാനല്‍ ടി.ആര്‍.ചന്ദ്രദത്തിനോട് പറഞ്ഞു. ''താങ്കളുടെ നാവിന് ബാധിച്ചിരിക്കുന്ന കാന്‍സര്‍ അതിവേഗം പടരുന്നതാണ്. റേഡിയേഷന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ല. ശസ്ത്രക്രിയ വേണ്ടിവരും. താങ്കള്‍ ഹൃദ്രോഗി ആയതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല. ശസ്ത്രക്രിയ നടത്തിയാല്‍ തന്നെ സംസാരശേഷി തിരിച്ചുകിട്ടാന്‍ പ്രയാസമാണ്. നാവും താടിയെല്ലും കഴുത്തിലെ എല്ലുമൊക്കെ നീക്കംചെയ്യണം. മുഖം വികൃതമാകും, അതു നേരിടേണ്ടി വരും. എന്താണ് വേണ്ടതെന്ന് തീരുമാനിക്കണം. അന്‍പത്തിരണ്ട് വയസ്സുകാരനായ ചന്ദ്രദത്ത് മറുപടി പറഞ്ഞു. ''അപ്പോള്‍ എന്റെ കാര്യം തീരുമാനമായി. ഒന്നുകില്‍ കാന്‍സറിന്റെ വേദന സഹിച്ച് മരണത്തിന് കീഴടങ്ങണം. അല്ലെങ്കില്‍ ശസ്ത്രക്രിയ എന്ന പരീക്ഷണം. നമുക്ക് രണ്ടാമത്തേത് തെരഞ്ഞെടുക്കാം.'' ആര്‍സിസിയിലെ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഇഖ്ബാല്‍ അഹമ്മദാണ് അതിന് മറുപടി നല്‍കിയത്. ''എങ്കില്‍ താങ്കളെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മതപത്രം വാങ്ങി വരൂ.''മുപ്പത്തിയഞ്ചാം വയസ് മുതല്‍ ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന വ്യക്തിക്ക് കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം നല്‍കാന്‍ കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ ആരും തയാറായില്ല.
ഒടുവില്‍ ചന്ദ്രദത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിജയരാഘവന്‍ ഇങ്ങനെ കുറിച്ചു. അങ്ങനെ 1996 ല്‍ ആര്‍സിസിയില്‍ ഡോ. ഇഖ്ബാല്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ചന്ദ്രദത്തിന് ശസ്ത്രക്രിയ നടത്തി. നാവ് എടുത്ത് കളഞ്ഞതിനാല്‍ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. (നാവിന്റെ സ്ഥാനത്ത് സംസാര ശേഷി ലഭിക്കുന്നതിനായി ചെറിയ ഒരു മാംസഭാഗം വച്ചുപിടിപ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അവ്യക്തമായിട്ടാണെങ്കിലും സംസാരിക്കാമെന്ന അവസ്ഥയിലെത്തി). ശസ്ത്രക്രിയയെ തുടര്‍ന്ന് വികൃതമായ മുഖം നീരുവന്ന് വീര്‍ക്കുക കൂടി ചെയ്തതോടെ ആളെക്കണ്ടാല്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലായി. കാന്‍സര്‍ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത നിലനിന്നിരുന്നതിനാല്‍ റേഡിയേഷന്‍ ചികിത്സകൂടി വേണ്ടിവന്നു. 25 തവണ റേഡിയേഷന് വിധേയമായതോടെ മുഖം ആകെ കറുപ്പ് നിറമായി. ചുരുക്കത്തില്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മപോലും കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു.
മുറിവേറ്റത് സ്വരാജ് റൗണ്ടില്‍ നിന്ന്
തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കിലെ റിട്ട. അധ്യാപകനും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ടി.ആര്‍.ചന്ദ്രദത്തിനെ പരിചയമില്ലാത്ത തൃശൂരുകാര്‍ ചുരുക്കമായിരിക്കും. കാന്‍സര്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ പലര്‍ക്കും തിരിച്ചറിയാനാവാത്ത വിധം മുഖത്തിന്റെ രൂപംമാറി. ഏതാണ്ടു 10 വര്‍ഷത്തോളം കണ്ടാല്‍ പേടി തോന്നുന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ ഭാര്യ പത്മാവതിക്കൊപ്പം തൃശൂര്‍ സ്വരാജ് റൗണ്ടിലൂടെ നടക്കവെ ദാഹം തോന്നി ഒരു ജ്യൂസ് കടയില്‍ കയറി. താങ്കള്‍ക്ക് ജ്യൂസ് തരാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഒരുനേരം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം കിലോമീറ്ററുകള്‍ താണ്ടി മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തേടിയെത്താറുള്ള സുഹൃത്താണ് അന്ന് മുന്നില്‍ നിന്നിരുന്നതെന്ന് ഒരുപക്ഷേ, ഇപ്പോഴും ആ കടക്കാരന് അറിയില്ലായിരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ കഴിഞ്ഞ മാസമാണ് തളിക്കുളത്തെ വീട്ടിലെത്തിലെത്തിയത്. ജയറാം രമേശ്, മണിശങ്കര്‍ അയ്യര്‍, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, എം.എ. ബേബി, വി.എം.സുധീരന്‍ തുടങ്ങിയവരൊക്കെ സുഹൃദ്‌വലയത്തിലെ ചില കണ്ണികള്‍ മാത്രം. വെള്ളം നല്‍കില്ലെന്ന് പറഞ്ഞ അന്നത്തെ ദുരനുഭവത്തിന് ശേഷം പിന്നീട് പുറമെനിന്ന് അപൂര്‍വമായി മാത്രമേ വെള്ളം കുടിച്ചിട്ടുള്ളൂ.
22 വര്‍ഷം ജ്യൂസ് മാത്രം
ഭാര്യ തയാറാക്കുന്ന ജ്യൂസ് മാത്രമാണ് 22 വര്‍ഷമായി ചന്ദ്രദത്തിന്റെ ഭക്ഷണം. ചായപ്പൊടിയുടെ തരി വായില്‍ കുടുങ്ങിയാല്‍ പോലും അസ്വസ്ഥത ഉണ്ടാകുന്ന പ്രിയതമന് പോഷക സമ്പുഷ്ടമായ ജ്യൂസ് തയാറാക്കുന്നതായിരുന്നു പത്മാവതിയുടെ ഏക ഹോബി. അസുഖബാധിതനായ തന്നെ പരിചരിക്കാന്‍ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവച്ച് സദാസമയവും കൂടെ നില്‍ക്കുന്ന പത്മാവതിയെ 'ഗാന്ധാരി' എന്നാണ് ചന്ദ്രദത്ത് സ്‌നേഹപൂര്‍വം വിളിക്കുന്നത്. വിപ്ലവമാണ് ജീവിതം, കല്യാണവും തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തണ്ടയാന്‍ വീട്ടില്‍ ടി.കെ.രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ് ടി.ആര്‍.ചന്ദ്രദത്ത്.
രാമന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുതല്‍ തൃശൂര്‍ ജില്ലയിലെ കോതപറമ്പു വരെ അന്നു പൊന്നാനി താലൂക്കിന് കീഴിലായിരുന്നു. ഒളിവില്‍ കഴിഞ്ഞ് പാര്‍ട്ടി കെട്ടിപ്പടുത്തിരുന്ന അക്കാലത്ത് ഒളിവിലുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ചുമതല വഹിച്ചിരുന്ന 'ടെക്‌മേന്‍' ആയിരുന്നു രാമന്‍. എകെജി, ഇഎംഎസ്, ഇ.കെ.നായനാര്‍, എ.വി.കുഞ്ഞമ്പു, ഇമ്പിച്ചിബാവ, സി.കെ.കുമാരപ്പണിക്കര്‍ തുടങ്ങിയ നേതാക്കളെല്ലാം വീട്ടിലെത്തിയിരുന്നത് ടി.ആര്‍.ചന്ദ്രദത്ത് മാഷ് ഇടക്കിടെ സ്മരിക്കുമായിരുന്നു. ആ ബന്ധം നേതാക്കളെല്ലാം മരിക്കുവോളം തുടര്‍ന്നു. 1964 ലെ പിളര്‍പ്പിനു മുന്‍പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുണ്ടായിരുന്നു ചന്ദ്രദത്തിന്. പിളര്‍പ്പിനു ശേഷം അച്ഛന്‍ സിപിഐ നേതാവായി മാറി. മകന്‍ സിപിഎമ്മിനൊപ്പം നിന്നു. വലപ്പാട് ഗവ. ഹൈസ്‌കൂളിലെ പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എഐഎസ്എഫിന്റെ മാതൃസംഘടനയായ മലബാര്‍ ഐക്യ വിദ്യാര്‍ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു.
വലപ്പാട് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് വിമോചന സമരം നടക്കുന്നത്. അന്ന് ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നൂറോളം പേര്‍ മാത്രമാണ് വിമോചന സമരത്തിന് എതിരായി രംഗത്തുണ്ടായിരുന്നത്. അവരുടെ നേതാവായിരുന്ന് ചന്ദ്രദത്ത്. ഒരുദിവസം സ്‌കൂളില്‍ വിമോചന സമരത്തിന് എതിരായി യോഗം നടത്തുന്നതിനിടെ സമരാനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തവരെ ആക്രമിച്ചു. വിദ്യാര്‍ഥികള്‍ ചിതറിയോടി. മര്‍ദനമേറ്റ് നിലത്തുവീണ ചന്ദ്രദത്തിനെ ഒരു ഗ്ലാസ് വെള്ളവുമായി ഓടിയെത്തി പിടിച്ചെഴുന്നേല്‍പ്പിച്ചത് സഹപാഠിയായിരുന്ന പത്മാവതിയാണ്. പിന്നീട് ഇരുപതാം വയസ്സില്‍ പത്മാവതി ചന്ദ്രദത്തിന്റെ ജീവിത സഖിയായി. തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമയും അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ടെക്‌നോളജി ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ നിന്ന് റൂറല്‍ എന്‍ജിനീയറിങ്ങില്‍ പോസ്റ്റ് ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ചന്ദ്രദത്ത് ശ്രീരാമ പോളിടെക്‌നിക്കില്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന കാലത്തായിരുന്നു കല്യാണം. തളിക്കുളം ആലയ്ക്കല്‍ കുടുംബാംഗവും കുട്ടിക്കാലം മുതല്‍ കൂട്ടുകാരിയുമായ പത്മാവതി ഒരു ദിവസം ശ്രീരാമ പോളിടെക്‌നിക്കിലേക്ക് ഓടിയെത്തി.
ചന്ദ്രദത്ത് ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടെയാണ് പത്മാവതിയുടെ വരവ്. ''വീട്ടുകാര്‍ എനിക്ക് കല്യാണം ആലോചിക്കുന്നു. ഞാന്‍ ഇവിടെനിന്നു പോയാല്‍ ഇനി കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല.'' പത്മാവതിയുടെ പരിഭവം കേട്ട ചന്ദ്രദത്ത് പറഞ്ഞു. ''എങ്കില്‍ നമുക്ക് ഏതെങ്കിലും വീട്ടിലേക്ക് പോകാം.'' ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ചു. അതായിരുന്നു കല്യാണം. ഇരുവരുടെയും വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. അതിനാല്‍ ആറുമാസക്കാലം സുഹൃത്തുക്കളുടെ വീടുകളില്‍ താമസിച്ചു. പിന്നീടാണ് ചന്ദ്രദത്തിന്റെ വീട്ടിലേക്ക് പോയത്. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് പത്മാവതിയുടെ വീട്ടിലേക്ക് പോയിത്തുടങ്ങിയത്. താല്‍ക്കാലിക ജോലിക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തനവും തുടര്‍ന്ന ചന്ദ്രദത്ത് 1972 ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി. അതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു. 1969 മുതല്‍ 1972 വരെ സിപിഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പത്മാവതിക്കും പോളിടെക്‌നിക് അധ്യാപികയായി ജോലി ലഭിച്ചു. 1998 ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍നിന്നു വിരമിച്ചു. ഹിരണ്‍ ദത്ത്, നിരണ്‍ ദത്ത് എന്നിവരാണ് മക്കള്‍. ഇരുവരും വിദേശത്താണ്.
ജീവിതം മാറ്റിമറിച്ച് നാവിലെ കുമിള തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കിലെ അധ്യാപകനും കോസ്റ്റ്‌ഫോര്‍ഡ് (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുന്നതിനിടെ 1996 ലാണ് ടി.ആര്‍.ചന്ദ്രദത്തിന് കാന്‍സര്‍ പിടിപെടുന്നത്. നാവിനിടയില്‍ കണ്ട കുമിള പല്ലു തട്ടി രൂപപ്പെട്ടതാണെന്ന ധാരണയില്‍ തൃശൂരിലെ ദന്ത ഡോക്ടറെ സമീപിക്കുകയായിരുന്നു. ആദ്യ പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല. ചൂടുവെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് രണ്ടാമത്തെ തവണ ചെന്നപ്പോള്‍ ഡോ. വര്‍ഗീസ് മാണി ബയോപ്‌സി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സ തിരുവനന്തപുരത്ത് ആര്‍സിസിയിലേക്കു മാറ്റി. കാസിനൗമെ ടംഗ് (Carcinoma tongue) ബാധിച്ചതായി കണ്ടെത്തിയോടെ ആര്‍സിസി സ്ഥാപക ഡയറക്ടര്‍ ഡോ. എം.കൃഷ്ണന്‍ നായര്‍, ഡോ. ഇഖ്ബാല്‍ അഹമ്മദ്, ഡോ. ജയപ്രകാശ് മാധവ് എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. അധ്യാപക ജോലി അവസാനിപ്പിച്ച് പത്ത് വര്‍ഷത്തോളം ആര്‍സിസിയില്‍ ചികിത്സ തേടി. ഇപ്പോഴും ഡോ. ഇഖ്ബാല്‍ അഹമ്മദിന്റെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ആര്‍സിസിയില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ആരോഗ്യകാര്യം സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏക രോഗിയാണ് ചന്ദ്രദത്ത്. പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല. അഞ്ച് വര്‍ഷം മുന്‍പ് നെക്രോസിസ് ബാധിച്ചു. അതിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴുമുണ്ട്. റേഡിയേഷന്‍ ചികിത്സയുടെ ഫലമായി മോണ ഉള്‍പ്പെടെ ദ്രവിക്കുന്നതാണ് പ്രശ്‌നം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോ. സിബു മാത്യുവാണ് ഹൃദ്രോഗത്തിന് ചികിത്സിക്കുന്നത്. ഏഴ് മരുന്ന് ദിവസവും കഴിക്കുന്നുണ്ട്. ആറുമാസം മുന്‍പ് ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയും വേണ്ടിവന്നു. എങ്കിലും സാമൂഹിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയുള്ള ചന്ദ്രദത്തിന്റെ ഓട്ടത്തിന് ഒട്ടും കുറവില്ല. സദാ കര്‍മനിരതനായിരുന്നു ചന്ദ്രദത്ത്.
1985 ല്‍ സി.അച്യുതമേനോന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) ഡയറക്ടര്‍ സ്ഥാനത്ത് തുടക്കം മുതല്‍ ചന്ദ്രദത്താണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയായിരുന്നു മരണം വരെയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ ദിവസവും അദ്ദേഹം എത്തും. ചെലവ് കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് കോസ്റ്റ് ഫോര്‍ഡ് നേതൃത്വം നല്‍കുന്നുണ്ട്.
അയ്യന്തോളില്‍ പ്രത്യാശ ട്രസ്റ്റ് എന്ന പേരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അമരക്കാരനും ചന്ദ്രദത്താണ്. 940 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ആരോഗ്യ സംരക്ഷണം, സ്വയംതൊഴില്‍ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ ചെയര്‍മാനാണ്. 2,270 വയോധികര്‍ക്കാണ് ഇവിടെ സമ്പൂര്‍ണ പരിരക്ഷ നല്‍കുന്നത്. തളിക്കുളം പഞ്ചായത്തിലെ 35 വയസ്സിന് മുകളിലുള്ള ഏഴായിരത്തോളം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമഗ്ര കര്‍മപരിപാടിക്ക് തുടക്കമിട്ടുകഴിഞ്ഞു. തളിക്കുളം റൂറല്‍ അപ്പാരല്‍ പാര്‍ക്കിന്റെ കീഴില്‍ 500 പേര്‍ക്ക് സ്വയംതൊഴിലിന് അവസരമൊരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വായനയും പുസ്തക രചനയുമൊക്കെയായി ചന്ദ്രദത്ത് സദാസമയവും കര്‍മനിരതനാണ്. കാന്‍സര്‍ ബാധിച്ചതിന് ശേഷം 10 പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട ദത്ത് മാഷിന്റെ പെന്‍ഷന്‍ ബുക്കും ചെക്ക് ബുക്കുമൊന്നും ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ഭാര്യ പത്മാവതി പറയുന്നു. പെന്‍ഷന്‍ തുകയും ഇടയ്ക്കിടെ കിട്ടുന്ന അവാര്‍ഡുകളുടെ തുകയുമൊക്കെ എവിടെ പോകുന്നുവെന്ന് പത്മാവതി ഇതുവരെ ചോദിച്ചിട്ടില്ല. വീട്ടുകാര്യം പത്മാവതി നോക്കും. ചന്ദ്രദത്തിന് പകല്‍വീടുകളിലെ കാര്യങ്ങള്‍ നോക്കണം.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച കുട്ടികളുടെവരെ പേരും മറ്റു വിവരങ്ങളും മാഷിന് കാണാപ്പാഠം, പക്ഷേ, ടീച്ചര്‍ക്ക് ഒരാളുടെയും പേര് പെട്ടെന്ന് ഓര്‍മകിട്ടില്ല. ആ പരിഭവം ടീച്ചര്‍ ഇടയ്ക്കിടെ പറയും. അപ്പോള്‍ ഒരു ചെറുപുഞ്ചിരിയാണ് മറുപടി. ആ പുഞ്ചിരി ഇത്രകാലം കൂടെ ഉണ്ടാകുമെന്ന് ആര്‍സിസിയിലെ ചികിത്സാ കാലത്ത് ഒരിക്കല്‍പോലും ടീച്ചര്‍ കരുതിക്കാണില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam