കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന്‍റെ മരണം; സിപിഎമ്മും പൊലീസും ഒത്തുകളിക്കുന്നുവെന്ന് കുടുംബം

By Web TeamFirst Published Jan 3, 2019, 8:32 AM IST
Highlights

 പന്തളത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. 

പത്തനംതിട്ട: പന്തളത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. മാത്രമല്ല ഇപ്പോള്‍ നടക്കുന്നത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ചന്ദ്രന്‍ ഉണ്ണിത്താന്‍റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പന്തളത്ത് ഇന്നലെ വൈകീട്ട് ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ബിജെപി പ്രവർത്തകൻ കൂടിയായ ഉണ്ണിത്താന്‍ മരിച്ചത്. കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്.

കല്ലേറിൽ ഒരു കെഎസ്ആർടിസി ബസ്സ് ചില്ലുകളും തകർന്നു. ചന്ദ്രൻ ഉണ്ണിത്താന്റെ മൃതശരീരം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബേക്കറി തൊഴിലാളിയായിരുന്നു ചന്ദ്രൻ ഉണ്ണിത്താൻ. ഭാര്യ വിജയമ്മ. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കൾ എത്തിയ ശേഷമായിരിക്കും  അന്ത്യോപചാര ചടങ്ങുകൾ നടക്കുക. ബി ജെ.പി- സി പി എം സംഘർഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


 

click me!