അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍; വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില

By Web TeamFirst Published Aug 22, 2018, 12:42 PM IST
Highlights

കേരളം പ്രളയക്കെടുതി നേരിടുന്ന അവസരമായതിനാല്‍ അമിതമായി വിമാന ചാര്‍ജുകള്‍ വര്‍ധിപ്പിക്കരുതെന്നായിരുന്നു നിര്‍ദേശം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെയും വ്യോമയാന മന്ത്രാലയത്തിന്‍റെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി വിമാനക്കമ്പനികള്‍. കേരളം പ്രളയക്കെടുതി നേരിടുന്ന അവസരമായതിനാല്‍ അമിതമായി വിമാന ചാര്‍ജുകള്‍ വര്‍ധിപ്പിക്കരുതെന്നായിരുന്നു നിര്‍ദേശം.

പക്ഷേ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും വിദേശത്തേക്കുമുള്ള നിരക്കില്‍ പത്തിരട്ടി വര്‍ധന വരെയാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ഓണം, ബലിപ്പെരുന്നാള്‍ എന്നിവയുടെ അവധികള്‍ ഉള്ളതിനാല്‍ അത് മുതലാക്കിയാണ് നിരക്ക് വര്‍ധന. കൊച്ചി വിമാനത്താവളം 26 വരെ അടച്ചിട്ടുതും ചാര്‍ജ് വര്‍ധനയ്ക്ക് കാരണമായി.

സര്‍ക്കാരിന്‍റെ നിയന്ത്രണത്തിനുള്ള എയര്‍ ഇന്ത്യ പോലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് ഏതാനും വിമാനങ്ങള്‍ മാത്രമുള്ളെങ്കില്‍ പോലും പ്രത്യേക സാഹചര്യത്തില്‍ ഒരുപാട് പേരാണ് ഈ സൗകര്യത്തെ ആശ്രയിക്കുന്നത്.

70 സീറ്റ് മാത്രമുള്ള എടിആര്‍ വിമാനങ്ങളാണ് നാവിക വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 6816 രൂപയാണ് അലയന്‍സ് എയര്‍ ഇന്ന് ഈടാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് 6000-9000 വരെയായി നിരക്കിന് വര്‍ധനവുണ്ട്. തിരുവനന്തപുരം ബംഗളൂൂരു സര്‍വീസിന് നിരക്ക് 5200 മുതല്‍ 11,000 വരെയാണ്. കോഴിക്കോട് നിന്നുള്ള വിമാനങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. 

click me!