അഴിമതിക്കാര്‍ക്ക് പിടിവീഴും; ചെക്കുപോസ്റ്റുകളില്‍ മെല്ലെപ്പോക്ക്

By Web DeskcFirst Published May 25, 2017, 10:50 PM IST
Highlights

പാലക്കാട്: ചെക്പോസ്റ്റുകളിലെ അഴിമതി തടയാൻ പിരിച്ചു വിടൽ അടക്കമുള്ള കർശന നടപടികളുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതിന് തൊട്ടു പുറകേയാണ് പാലക്കാട്ടെ അതിർത്തി ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് തുടങ്ങിയത്. ചരക്ക് വാഹനങ്ങൾ ഏറെയെത്തുന്ന പുലർച്ചെ സമയത്ത് വാണിജ്യ നികുതി ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ വാഹനങ്ങൾ മൂടിയിട്ട ഷീറ്റടക്കം മാറ്റി പരിശോധിക്കാൻ തുടങ്ങിയതോടെയാണ് തിരക്ക് രൂപപ്പെട്ടത്. രാത്രിയെത്തിയ വാഹനങ്ങൾ പന്ത്രണ്ട്മണിക്കൂറിലേറെ ചെക്പോസ്റ്റുകളിൽ കുടുങ്ങി.

എല്ലാ ചെക്പോസ്റ്റുകളിലും സംഘടിതമായായിരുന്നു ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്. എളുപ്പം നശിക്കുന്ന പച്ചക്കറി കയറ്റിയ വാഹനങ്ങളും മണിക്കൂറുകൾ കാത്തു കിടക്കേണ്ടി വന്നു. വാണിജ്യ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ക‌‍ർശന നിർദ്ദേശം നൽകിയ ശേഷമാണ് തിരക്ക് കുറയാൻ തുടങ്ങിയത്. 

മോട്ടോർ വാഹന വകുപ്പിനു കീഴിലെ ചെക്പോസ്റ്റുകളിൽ അഞ്ച് കിലോമീറ്ററിലേറെയാണ് ചരക്ക് വാഹനങ്ങളുടെ നിര നീണ്ടത്. വിജിലൻസ് പരിശോധന ആവർത്തിക്കുയും , അഴിമതി ഒഴിവാക്കാനുള്ള ഇടപെടലുണ്ടാകുകയും ചെയ്യുന്നതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നത്. ദീർഘ ദൂരമോടിയെത്തുന്ന ചരക്കു വാഹന ഡ്രൈവർമാരാണ് ഉദ്യോഗസ്ഥരുടെ ഈ പ്രതിഷേധം മൂലം ഏറെ പ്രയാസപ്പെടുന്നത്. ഉദ്യോസ്ഥർമനപ്പൂർവ്വം പരിശോധന വൈകിച്ച് തിരക്കുണ്ടാക്കിയാൽ കർശന നടപടികളുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!