ചേക്കുട്ടിപ്പാവ ഉണ്ടാക്കാൻ പരിശീലനക്കളരി ഒരുക്കി മഹാരാജാസ് കോളേജ്

By Web TeamFirst Published Nov 2, 2018, 8:55 AM IST
Highlights

പ്രളയശേഷമുള്ള അതിജീവനത്തിന്‍റെ പ്രതീകമായാണ് ചേന്ദമംഗലം കൈത്തറിയിൽ നിന്നുണ്ടാക്കിയ ചേക്കുട്ടിപ്പാവകളെ കാണുന്നത്. ചേക്കുട്ടിപ്പാവ നിർമ്മാണം പഠിപ്പിക്കുന്ന പരിശീലനക്കളരി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

കൊച്ചി: പ്രളയശേഷമുള്ള അതിജീവനത്തിന്‍റെ പ്രതീകമായാണ് ചേന്ദമംഗലം കൈത്തറിയിൽ നിന്നുണ്ടാക്കിയ ചേക്കുട്ടിപ്പാവകള്‍ വിപണി കണ്ടെത്തിയത്. വിപണി ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചേക്കുട്ടിപ്പാവകള്‍ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നറിയാന്‍ ഏവര്‍ക്കും താത്പര്യമുണ്ടാകും. 

അതിജീവനത്തിന്‍റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്കായി ചേക്കുട്ടിപ്പാവ നിർമ്മാണം പഠിപ്പിക്കുന്ന പരിശീലനക്കളരി നടത്തിയത്. കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവമായി. 

വട്ടത്തിൽ മുറിച്ച ചേന്ദമംഗലത്തെ കൈത്തറി തുണികളിൽ നൂല് കെട്ടുന്നതും തലയുണ്ടാക്കുന്നതും ഉടുപ്പിന് നിറം നൽകുന്നതുമെല്ലാം കൗതുകത്തോടെയാണ് വിദ്യാർത്ഥികൾ ചെയ്തത്. വരും ദിവസങ്ങളിലും പരിശീലനവും നിർമ്മാണവും മഹാരാജാസ് കോളേജിൽ നടത്തും. 

താത്പര്യമുള്ളവർക്ക് 25 രൂപ കൊടുത്ത് ചേക്കുട്ടിപ്പാവകളെ വാങ്ങാനും അവസരമുണ്ട്. പാവ വിറ്റ് ശേഖരിക്കുന്ന പണം ചേന്ദമംഗലത്തെ കൈത്തറിയൂണിറ്റുകൾക്ക് കൈമാറും. പ്രളയത്തെ അതിജീവിക്കുന്ന ചേന്ദമംഗലത്തിന് കൈത്താങ്ങാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് ഓരോ മഹാരാജാസ് വിദ്യാർത്ഥിയും.


 

click me!