വിവാഹ വാഗ്ദാനം നല്‍കി 30 സ്ത്രീകളെ പറ്റിച്ചു; സ്വര്‍ണവും കൈക്കലാക്കി; 59 കാരനെ പൊലീസ് കുടുക്കിയതിങ്ങനെ

By Web TeamFirst Published Aug 15, 2018, 5:29 PM IST
Highlights

2008 മുതല്‍ ഇയാള്‍ തമിഴ് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. വിവാഹ മോചനം നേടിയ വ്യക്തിയാണെന്നും രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നുമായിരുന്നു പരസ്യങ്ങള്‍. ട്രാവല്‍ കമ്പനി ഉടമയാണെന്നും മാസം അമ്പതിനായിരം രൂപ വരെ വരുമാനമുണ്ടെന്നും പരസ്യങ്ങളിലൂടെ പറഞ്ഞിരുന്നു

ചെന്നൈ: പലതരത്തിലുള്ള തട്ടിപ്പുകളാണ് നാട്ടില്‍ നടക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകളുടെ എണ്ണം ദിനം പ്രതി കൂടുന്നതായാണ് വ്യക്തമാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി 30 സ്ത്രീകളെ പറ്റിച്ച തട്ടിപ്പു വീരന്‍ പൊലീസിന്‍റെ വലയിലായെന്നതാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത.

ചെന്നൈ തമ്പാരം പൊലീസാണ് 59 കാരനായ തട്ടിപ്പ് വീരന്‍ മുരുകനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി മുപ്പതിലധികം സ്ത്രീകളെ പറ്റിച്ച് സ്വര്‍ണം കൈക്കലാക്കിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മുരുകന്‍റെ കയ്യില്‍ നിന്ന് 18 പവനിലധികം സ്വര്‍ണവും മുപ്പതിനായിരം രൂപയും മോട്ടോര്‍ ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചെന്നയിലെ ബുര്‍മ കോളനി സ്വദേശിയാണ് പ്രതി. ഹോസ്പൂര്‍ സ്വദേശിനിയായ  47 കാരിയുടെ പരാതിയിലാണ് ഇയാളുടെ തട്ടിപ്പുകള്‍ വെളിച്ചത്തായത്. വിവാഹ വാഗ്ദാനം നല്‍കി എട്ട് പവന്‍ സ്വര്‍ണം കൈക്കലാക്കിയെന്നായിരുന്നു പരാതി.

ഈ കേസില്‍ പിടിയിലായ മുരുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വന്‍ തട്ടിപ്പുകള്‍ വെളിച്ചത്തായത്. 2008 മുതല്‍ ഇയാള്‍ തമിഴ് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. വിവാഹ മോചനം നേടിയ വ്യക്തിയാണെന്നും രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നുമായിരുന്നു പരസ്യങ്ങള്‍. ട്രാവല്‍ കമ്പനി ഉടമയാണെന്നും മാസം അമ്പതിനായിരം രൂപ വരെ വരുമാനമുണ്ടെന്നും പരസ്യങ്ങളിലൂടെ പറഞ്ഞിരുന്നു.

പരസ്യത്തില്‍ ആകൃഷ്ടരായി ബന്ധപ്പെടുന്നവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നത്. പലരും പറ്റിക്കപ്പെട്ട വിവരം പുറത്തുപറയാത്തത് മുരുകന് ഗുണം ചെയ്തു. പരിചയപ്പെടുന്ന സ്ത്രീകളുമായി ഫോണിലൂടെ സംസാരിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ക്യാമറകളില്ലാത്ത റസ്റ്റോറന്‍റുകളില്‍ കൂടി കാഴ്ച നടത്തും. വിവാഹ തിയതിയടക്കം വാഗ്ദാനം ചെയ്ത ശേഷം വിവാഹചിലവിനായി പണം വേണമെന്ന് പറഞ്ഞാണ് സ്ത്രീകളില്‍ നിന്നും സ്വര്‍ണമടക്കമുള്ളവ കൈക്കലാക്കുന്നത്. മുരുകന്‍റെ കയ്യില്‍ നിന്ന് 50 ലധികം സിം കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

click me!