
തിരുവനന്തപുരം:തൃശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ രണ്ടുവർഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെ, മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടനടി സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു.മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ ചിത്ര ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിച്ചതക്കാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്. ഇത്തരം നരാധമന്മാരെ പോലീസ് സേനയിൽ വെച്ച് പൊറുപ്പിക്കാതെ ഉടനടി പിരിച്ചു വിടുകയാണ് വേണ്ടത്.
പോലീസ് സ്റ്റേഷനുകൾ മർദ്ദന കേന്ദ്രങ്ങൾ അല്ല. പ്രതിപക്ഷത്തെ തല്ലി ചതക്കാനും അടിച്ചൊതുക്കാനും ഉള്ള നാസി തടങ്കൽ പാളയങ്ങളുമല്ല.പോലീസ് ജനങ്ങളുടെ സേവകർ ആവുകയാണ് ആദ്യം വേണ്ടത്. കൂട്ടുകാരെ തെറി പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് ഈ യുവാവിന് ഈ ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കി എന്ന എഫ്ഐആർ ഇട്ട് കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നു.എന്നാൽ ഇതിനെതിരെ നിയമവഴിയിലൂടെ പോരാടിയ സുജിത്ത് കോടതിയിൽ നിന്ന് വിടുതൽ നേടി പുറത്തുവരികയും പോലീസ് പൂഴ്ത്തിയ മർദ്ദന ദൃശ്യങ്ങൾ ദീർഘമായ ഒരു വിവരാവകാശ നിയമ പോരാട്ടത്തിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്തു.
ഈ ദൃശ്യങ്ങളിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അടിയന്തര ശിക്ഷാ നടപടികൾ സ്വീകരിക്കണം.അല്ലാത്ത പക്ഷം അവർക്ക് അധികം താമസിയാതെ കണക്ക് പറയേണ്ടിവരുമെന്നും - രമേശ് ചെന്നിത്തല പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam