പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: അന്വേഷണം വേണമെന്ന് ചെന്നിത്തല

By Web TeamFirst Published Nov 4, 2018, 2:26 PM IST
Highlights

മോഷണ ശ്രമത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട്- തിരുനെല്‍വേലി സ്വദേശി സ്വാമിനാഥനാണ്(39) കസ്റ്റഡിയിലിരിക്കെ ഇന്നലെ ആശുപത്രിയില്‍ മരിച്ചത്.

 

തിരുവനന്തപുരം: മോഷണശ്രമത്തിനിടെ  കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഷണ ശ്രമത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട്- തിരുനെല്‍വേലി സ്വദേശി സ്വാമിനാഥനാണ്(39) കസ്റ്റഡിയിലിരിക്കെ ഇന്നലെ  ആശുപത്രിയില്‍ മരിച്ചത്. പൊലീസ് സ്റ്റേഷനില്‍  ഇയാള്‍ മര്‍ദ്ദനത്തിന് വിധേയനായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. തലച്ചോറിലെ രക്ത സാവ്രമാണ് മരണത്തിന് കാരണമെന്ന്  ഇയാളെ ചികിത്സിച്ച  ഡോക്ടര്‍മാര്‍ പറയുന്നു.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണോ ഇയാള്‍ മരിച്ചതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.  അതുകൊണ്ട് തന്നെ ഉത്തരവാദികളായ പൊലീസ് ഉദ്യേഗസ്ഥരെ മാറ്റിനിര്‍ത്തി  സമഗ്രമായ  അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂ എന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ സ്വാമിനാഥന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ചെല്ലപ്പനും ആരോപിച്ചു. മകന്‍റെ മരണം കൊലപാതകമെന്ന് ചെല്ലപ്പന്‍ ആരോപിക്കുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് ആരെങ്കിലും മകനെ മര്‍ദ്ദിച്ചിരിക്കാമെന്നാണ് ചെല്ലപ്പന്‍ പറയുന്നത്. കമ്മീഷണർക്ക് പരാതി കൊടുത്തതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ചെല്ലപ്പൻ പറഞ്ഞു.

ഇരുമ്പ് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വാമിനാഥന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കുറവായിരുന്നു. എന്നാല്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്നും തലച്ചോറിലെ രക്തസ്രാവമാകാം മരണകാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.കെ.പി സുനിൽ കുമാർ പറയുന്നത്. 

click me!