
തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തി വന്ന ജിവികെ ഇഎംആര്‍ഐയ്ക്കു സര്‍ക്കാര്‍ വക ഉപകാരസ്മരണ. രണ്ടു സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചു വെച്ചതിന് സാങ്കേതിക ടെന്‍ഡര്‍ പരിശോധനാ വേളയില്‍ പുറത്താകേണ്ട കമ്പനിയെ രേഖകള്‍ പരിശോധിക്കാതെ പരിഗണിച്ചത് 2019 ല്‍ ലഭിച്ച 250 കോടിയുടെ കമ്മിഷന്‍ സ്മരണയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കര്‍ണാടകയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന്റെ ടെന്‍ഡറിന് വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ ഈ കമ്പനിയെ രണ്ടു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത രേഖകളും മേഘാലയയില്‍ ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത രേഖകളും ചെന്നിത്തല പുറത്തു വിട്ടു.ടെന്‍ഡര്‍ ചട്ടങ്ങള്‍ പ്രകാരം, ഏതെങ്കിലും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് കരാറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. (ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് Document 3) ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനം വിലക്ക് നേരിടുന്നതാണെന്നും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നേരിട്ടു ലഭിച്ചിരുന്നതാണ്. (പരാതി Document 4). വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കര്‍ണാടക സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ നടപടി മറച്ചുവെച്ചാണ് കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു. 2023 നവംബര്‍ 21 മുതല്‍ 2025 നവംബര്‍ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്.
ഇതിനുപുറമെ, പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മേഘാലയ സര്‍ക്കാര്‍ 2022 ഓഗസ്റ്റില്‍ കമ്പനിയുടെ 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ട്. 2010-ല്‍ രാജസ്ഥാനില്‍ സമാനമായ കരാര്‍ റദ്ദാക്കിയ കാര്യവും ഇഎംആര്‍ഐ നല്‍കിയ രേഖകളില്‍ മറച്ചുവെച്ചിരിക്കുയാണ്.
ടെന്‍ഡറിനൊപ്പം കമ്പനി സമര്‍പ്പിച്ച രേഖകളില്‍, കര്‍ണാടകയിലെ പദ്ധതി ഇപ്പോഴും സജീവമാണെന്ന് തെറ്റായി രേഖപ്പെടുത്തുകയും, തങ്ങള്‍ക്കെതിരെ നിയമനടപടികളോ വിലക്കുകളോ ഇല്ലെന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് ടെന്‍ഡര്‍ നടപടികളിലെ വഞ്ചനാപരമായ പ്രവൃത്തിയാണെന്നും ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ പരാതിക്കാര്‍ ധരിപ്പിച്ചിട്ടും ഒരു നടപടിയും സര്‍ക്കാരോ, മെഡിക്കല്‍ സർവീസസ് കോര്‍പ്പറേഷനോ സ്വീകരിച്ചിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ് 250 കോടി രൂപ അധികം വാങ്ങി കമ്മിഷന്‍ നല്‍കിയതിന്റെ ഉപകാരസ്മരണയുടെ ഭാഗമായാണ് കമ്പനിയെ സാങ്കേതിക ടെന്‍ഡര്‍ വിഭാഗത്തില്‍ അയോഗ്യരാക്കാതിരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.