ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനെന്ന് ചെന്നിത്തല

By Web TeamFirst Published Nov 10, 2018, 12:44 PM IST
Highlights

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോഴെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ബന്ധുവിന് ജോലി നല്‍കിയതില്‍ പരാതി ഉന്നയിച്ച ആളുകൾക്ക് മന്ത്രി ജോലി കൊടുത്തു. പരാതി മൂടി വെക്കാന്‍ ആണ് മന്ത്രിയുടെ ഈ നടപടിയെന്നും ചെന്നിത്തല

തിരുവനന്തപുരം: അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണ്. അഴിമതി ചൂണ്ടി കാണിച്ചാൽ തെളിവുള്ളവർ കോടതിയിൽ പോകു എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്ന് മുതലാണ് സിപിഎം ഈ നിലപാട് സ്വീകരിച്ച് തുടങ്ങിയതെന്നും ചെന്നിത്തല ചോദിച്ചു. 

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോഴെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ബന്ധുവിന് ജോലി നല്‍കിയതില്‍ പരാതി ഉന്നയിച്ച ആളുകൾക്ക് മന്ത്രി ജോലി കൊടുത്തു. പരാതി മൂടി വെക്കാന്‍ ആണ് മന്ത്രിയുടെ ഈ നടപടി. ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും ദാനം ചെയ്യാനുള്ളതാണോ സര്‍ക്കാര്‍ സ്ഥാപനത്തിലെ പദവികള്‍. 

ബന്ധു നിയമന വിവാദത്തില്‍ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. ഇ പി ജയരാജനെ തിരിച്ചെടുത്തത് വഴി ആർക്കും അഴിമതി നടത്താം എന്നാ സന്ദേശം നൽകുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ജലീലിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല ആരോപിച്ചു. 

നെയ്യാറ്റിൻകര കൊലപാതകം നടന്നിട്ട് ആറി ദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ സംരക്ഷണം പ്രതിക്കുണ്ട്.  സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പ്രതി രക്ഷപ്പെടും. പ്രതിയെ തിരിച്ചറിഞ്ഞ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും 
അല്ലെങ്കിൽ സിബിഐയ്ക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 
 

click me!