
റായ്‍പൂര്‍: ഛത്തിസ്‍ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബസ്തര്‍ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.
ഛത്തിസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് ആദ്യ ഘട്ട പോളിംഗ്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറില്‍ 12 ഉം രാജ്നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളാണിവ. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ് ഉള്ളത്. ബസ്തര്‍, രാജ്നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി മുന്‍തൂക്കം. ദളിത് ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം തന്നെ കാരണം. ബസ്തറിലെ 12 സീറ്റില്‍ എട്ടും രാജ്നനന്ദഗാവിലെ ആറ് സീറ്റില്‍ നാലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു.
മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്നന്ദ്ഗാവ് തന്നെ. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്പേയിയുടെ അനന്തരവളുമായ കരുണ ശുക്ളയാണ്. മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ വിക്രം മാണ്ഡവിയെ 9000 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയ മഹേഷ് ഗഡ്കക്ക് ഇത് തുടര്‍ച്ചയായ മൂന്നാം മത്സരമാണ്.
നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. എതിരാളി കോണ്‍ഗ്രസിന്‍റെ ചന്ദന്‍ സിംഗ് കശ്യപിനെ കഴിഞ്ഞ തവണ 12000 വോട്ടിന് തോല്‍പ്പിച്ച്സഭയിലെത്തിയ കേദാര്‍ കശ്യപിന് ഇത് രണ്ടാമൂഴം. സംസ്ഥാനത്ത് സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ചിലതും ബസ്തര്‍ മേഖലയിലാണ്. ദണ്ഡേവാഡ സീറ്റില്‍ ഒമ്പതായിരവും ചിത്രകൂട് സീറ്റില്‍ പതിനായിരവും ആയിരുന്നു കഴിഞ്ഞതവണ നോട്ടയുടെ എണ്ണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam