യുഎഇ ധനസഹായം; യുഎഇ ഭരണാധികാരി പറഞ്ഞിട്ടാണ് യൂസഫലി തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 19, 2018, 1:02 PM IST
Highlights

കേരളത്തിന് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന കാര്യം യുഎഇ ഭരണാധികാരിയാണ് മലയാളി വ്യവസായി എം.എ യൂസഫലിയോട് പറഞ്ഞത്. അത് സംസ്ഥാന മുഖ്യമന്ത്രിയെ അറിയിക്കട്ടേയെന്ന് ചോദിച്ച യുസഫലിക്ക് ഭരണാധികാരി അതിന് അനുമതിയും നല്‍കി. 

കോഴിക്കോട്: പ്രളയത്തിന് ശേഷമുള്ള ധനസഹായത്തെക്കുറിച്ച് യു.എ.ഇ ഭരണാധികാരി പറഞ്ഞിട്ടാണ് എം.എ യൂസഫലി തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിടുത്തെ ഭരണാധികാരി പറയാത്ത കാര്യം പറഞ്ഞാൽ യൂസഫലിക്ക് പിന്നെ യു.എ.ഇ യിൽ ജീവിക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോഴിക്കോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന കാര്യം യുഎഇ ഭരണാധികാരിയാണ് മലയാളി വ്യവസായി എം.എ യൂസഫലിയോട് പറഞ്ഞത്. അത് സംസ്ഥാന മുഖ്യമന്ത്രിയെ അറിയിക്കട്ടേയെന്ന് ചോദിച്ച യുസഫലിക്ക് ഭരണാധികാരി അതിന് അനുമതിയും നല്‍കി. തുടര്‍ന്നാണ് യുസഫലി തന്നെ വിളിച്ചത്. വാര്‍ത്താസമ്മേളത്തില്‍ വെച്ച് താന്‍ ഇത് മാധ്യമങ്ങളെയും അറിയിച്ചു. യു.എ.ഇ ഭരണാധികാരി പറയാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞെന്ന പേരില്‍ മറ്റൊരാളെ അറിയിച്ചാല്‍ യുസഫലിക്ക് പിന്നെ യുഎഇയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അവിടുത്തെ സംവിധാനങ്ങള്‍ അറിയുന്ന എല്ലാവര്‍ക്കും മനസിലാകും.

കേരളത്തിന് യു.എ.ഇയുടെ സഹായം ലഭിച്ചിരുന്നെങ്കിൽ വലിയ മാറ്റമുണ്ടാകുമായിരുന്നു. എന്നാല്‍ പിന്നീട് സഹായ വാഗ്ദാനം പോലും ഇല്ലെന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. തെളിവില്ലെന്ന കാരണത്താൽ സഹായവാഗ്ദാനം ഇല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു. നമുക്ക് കിട്ടുമായിരുന്ന വലിയ സഹായങ്ങള്‍ ഇല്ലാതെയാക്കി. പ്രളയത്തിന് ശേഷമുള്ള  പുനര്‍നിര്‍മ്മിതിയില്‍ ഒരിടത്തും കേന്ദ്രം അർഹമായ സഹായം നൽകിയിട്ടില്ല. പ്രളയകാലത്തെ മാധ്യമങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമായിരുന്നു. എന്നാല്‍ സംസ്ഥാന പുനർനിർമ്മിതിക്കായി മാധ്യമങ്ങൾ ആത്മാർത്ഥമായി ഇടപെട്ടോയെന്ന് ആത്മപരിശോധന നടത്തണം. കേരളപുനർ നിർമ്മാണവുമയി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!