പുതുച്ചേരിയിലെ ഭരണപ്രതിസന്ധി: സമരം തുടരുമെന്ന് മുഖ്യമന്ത്രി നാരായണസ്വാമി

By Web TeamFirst Published Feb 18, 2019, 12:01 AM IST
Highlights

ഗവർണറുടെ ഔദ്യോഗിക വസതിയിൽ വച്ചുള്ള ചർച്ച മുഖ്യമന്ത്രി നാരായണസ്വാമി ബഹിഷ്കരിച്ചു. തുടർ ചർച്ച മുഖ്യമന്ത്രിയുടെ ഓഫീസിലോ ചീഫ് സെക്രട്ടറിയുടെ ഓഫീസിലോ നടത്തണമെന്ന് നാരായണ സ്വാമി.

പുതുച്ചേരി: ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ ഔദ്യോഗിക വസതിയിൽ ഗവർണർ കിരൺ ബേദി വിളിച്ച ചർച്ച മുഖ്യമന്ത്രി വി. നാരായണസ്വാമി ബഹിഷ്കരിച്ചു. തുടർ ചർച്ച മുഖ്യമന്ത്രിയുടെ ഓഫീസിലോ ചീഫ് സെക്രട്ടറിയുടെ ഓഫീസിലോ നടത്തണമെന്ന് നാരായണ സ്വാമി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് മുഖ്യമന്ത്രി കത്ത് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും രാജ് നിവാസിന് മുന്നിൽ വീണ്ടും സമരം തുടരുകയാണ്.

പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം നാലാം ദിവസത്തിലും തുടരുകയാണ്. ലഫ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഈ തർക്കം പുതുച്ചേരിയിൽ സൃഷ്ടിക്കുന്ന ഭരണപ്രതിസന്ധി ചെറുതല്ല. കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്.  മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദില്ലിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് വൈകിട്ട് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ചാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി സമരം തുടങ്ങിയത്. 

click me!