ആര്‍എസ്എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്

By Web TeamFirst Published Jan 10, 2019, 11:27 PM IST
Highlights

അക്രമസംഭവങ്ങളില്‍ സംസ്ഥാനത്താകെ 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇത്രയും കേസുകളിലായി പ്രതിപട്ടികയിലുള്ള 10,024 പേരില്‍ 9193 പേരും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളുടെ പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആണെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.എസ്.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിയോടെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി. യുവതീപ്രവേശനത്തിന് പിന്നാലെ ആര്‍എസ്എസിന്‍റെ കൃത്യമായ നിര്‍ദേശം വന്നതോടെയാണ് സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. യുവതീ പ്രവേശനത്തെ എതിര്‍ത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് മറയാക്കി മാറ്റി. 

സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ സാധരണജനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.  അനവധി പേര്‍ക്ക് ഗുരുതരപരിക്കേറ്റു.  കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും സാധാരണക്കാരുടെ വീടുകളും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടായി. 

ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10,024 പേര്‍ ഇത്രയും കേസുകളില്‍ പ്രതികളായുണ്ട്. ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. മറ്റു സംഘടനകളില്‍ ഉള്‍പ്പെട്ട 831 പേരെ കേസില്‍ ഉള്ളൂ. 

തുലമാസപൂജ, ചിത്തിര ആട്ടവിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തിയ മുപ്പതോളം സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടയുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. മല കയറാനെത്തിയ വനിതകളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു.  വനിതകളടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ഈ കാലയളവില്‍ അക്രമങ്ങളുണ്ടായി. ശബരിമലയില്‍ മാത്രം അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമായിരുന്നു ഇത്.

ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍. അക്രമസംഭവങ്ങളുടെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവ അടങ്ങിയ സിഡിയും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ 2.32 കോടി രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ വിശദമായ കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്നുമുള്ള ബിജെപിയുടെ ആവശ്യത്തെ കേരളത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ആണെന്ന് സ്ഥാപിച്ചു കൊണ്ട് തിരിച്ചടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി പ്രധാനം. 

Chief Minister Sh.Pinarayi Vijayan called on me at Raj Bhavan and briefed me about the law and order situation in Kerala in the aftermath of entry of two women in Sabarimala He described the nature of agitation & action taken to curb violent incidents pic.twitter.com/JLKB8ISbTu

— Kerala Governor (@KeralaGovernor)
click me!