
ആലപ്പുഴ: ഇന്ന് ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന വാർത്തകള്‍ക്കിടയിലും എല്ലാവരും ഉറ്റുനോക്കുന്നത് അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി തീരുമാനം മാറ്റി കുട്ടനാട്ടിലേക്ക് എത്തുമോ എന്നാണ്. നിലവില്‍ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് വെള്ളപ്പൊക്ക അവലോകന യോഗത്തിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. വെള്ളപ്പൊക്കം ദുരിതം തുടരുന്ന കുട്ടനാട് മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിച്ചില്ല. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന ചര്‍ച്ചാവിഷയമാക്കി. അതിനിടെയാണ് മുഖ്യമന്ത്രിയുടെ ആലപ്പുഴയിലേക്കുള്ള വരവ്. രാവിലെ പത്തിന് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച. വെള്ളപ്പൊക്ക ദുരിതം വിലയിരുത്തലാണ് യോഗത്തിന്‍റെ ഏക അജണ്ട. പക്ഷേ നിലവിലെ സ്ഥിതി അനുസരിച്ച് മുഖ്യമന്ത്രി കുട്ടനാട്ടിലേക്ക് പോകില്ല. പത്തുമണിക്കുള്ള യോഗം പന്ത്രണ്ടുമണിയോടെ പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് പോകാനാണ് പരിപാടി.
ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടിലെത്തുമെന്ന് ജില്ലയിലെ മന്ത്രിമാരും പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. അവലോകന യോഗത്തെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അറിയിച്ചത്. മുഖ്യമന്ത്രിയുടെ ആലപ്പുഴ യോഗത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിലും കുട്ടനാട് സന്ദര്‍ശനമില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനാല്‍ അവലോകന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജില്ലയിലെ എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചുകഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam