ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സന്ദർശിക്കും

By Web TeamFirst Published Aug 10, 2018, 4:04 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദുരിതബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. ഇടുക്കി ചെറുതോണി, ലോവർ പെരിയാർ, ആലുവ ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളാകും അദ്ദേഹം സന്ദർശിക്കുക. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദുരിതബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. ഇടുക്കി ചെറുതോണി, ലോവർ പെരിയാർ, ആലുവ ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളാകും അദ്ദേഹം സന്ദർശിക്കുക. 

ഇടുക്കി ജലാശയത്തിന്‍റെ ഷട്ടറുകൾ തുറന്നതോടെ രണ്ട് ദിവസത്തെ മുഴുവൻ പൊതുപരിപാടികളും അദ്ദേഹം റദ്ദാക്കിയിരുന്നു. നിലവിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തിരുവനന്തപുരത്താണ് ഉള്ളത്. തിരുവനന്തപുരത്തു നിന്ന് ആണോ കൊച്ചിയിൽ നിന്നാണോ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര തുടങ്ങുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല.

സംസ്ഥാനത്തെ ഇന്നത്തെ മഴക്കെടുതിയുടെ വ്യാപ്തിയും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി രാവിലെ ഉന്നതതലയോ​ഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി  വിലയിരുത്തി. കര-വ്യോമ-നാവിക സേനകളുടേയും എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് യോ​ഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളം സന്ദർശിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. അദ്ദേഹവും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചേക്കും.
 

click me!