കോഴിക്കോട് ബാലവേല; ജ്വല്ലറിയില്‍ നിന്ന് നാലുകുട്ടികളെ മോചിപ്പിച്ചു

By Web DeskFirst Published Jul 3, 2018, 10:08 PM IST
Highlights
  • ഇരുപത്തിയൊന്ന് തൊഴിലാളികള്‍ക്കൊപ്പമാണ് നാല് കുട്ടികളെ ജോലിക്ക് നിര്‍ത്തിയിരുന്നത്

കോഴിക്കോട്:ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഇടപെട്ട് മോചിപ്പിച്ചു. ആഭരണ നിര്‍മ്മാണ ജോലികള്‍ക്കായാണ് കോഴിക്കോട്ടെ കമ്മത്ത് ലെയ്നില്‍ ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ എത്തിച്ചത്. ജ്വല്ലറി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇരുപത്തിയൊന്ന് തൊഴിലാളികള്‍ക്കൊപ്പമാണ് നാല് കുട്ടികളെ ജോലിക്ക് നിര്‍ത്തിയിരുന്നത്. നാല് പേരും പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ളവരാണ്.

നഗരത്തിലെ പിപിഎം ചെയ്ന്‍സ് എന്ന ജ്വല്ലറിക്ക് വേണ്ടിയാണ് പണിയെടുപ്പിച്ചിരുന്നത്. കുട്ടികള്‍‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം വ്യക്തമായത്. നാല് മാസം മുന്‍പാണ് കുട്ടികളെ പശ്ചിമബംഗാളില്‍ നിന്ന് കൊണ്ടുവന്നത്. ജ്വല്ലറിക്ക് വേണ്ടി നിര്‍മ്മാണ ജോലികള്‍ കരാറെടുത്ത ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികളെ എത്തിച്ചതെന്നാണ് ജ്വല്ലറി മാനേജര്‍ പറയുന്നത്.

കുട്ടികളെ പിന്നീട് ശിശുക്ഷേമ സമിതിക്ക് കൈമാറി. പിപിഎം ജ്വല്ലറി ഉടമകള്‍ക്കെതിരെ ശിശുസംരക്ഷണ ഓഫീസര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ആഭരണ നിര്‍മ്മാണം നടന്നിരുന്ന കെട്ടിടത്തിന്‍റെ നാലാമത്തെ നിലയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ പാര്‍‍പ്പിച്ചിരുന്നത്. ജ്വല്ലറി ഉടമകള്‍ക്കെതിരെ കോര്‍‍പ്പറേഷന്‍ ആരോഗ്യവിഭാഗം നിയമനടപടി സ്വീകരിക്കും. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ച കെട്ടിടം പിന്നീട് തഹസില്‍ദാര്‍ സീൽ ചെയ്തു.
 

click me!