ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികൾ രാജ്യത്തെ ചത്ത സമൂഹമാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് ജാമ്യവും അതിജീവിതകളെ ക്രിമിനലുകളെപ്പോലെ കാണുന്ന നിലപാടും എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു
ദില്ലി: ഉന്നാവ് പീഡനക്കേസിൽ കുൽദീപ് സിംഗ് സെൻഗറിന്‍റെ ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിലും അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ അതിക്രമത്തിലും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അതിജീവിതയെയും മാതാവിനെയും കണ്ടതിന് ശേഷം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ, 'ഇതാണോ അതിജീവിത അർഹിക്കുന്ന നീതി? നീതിക്കു വേണ്ടി ശബ്ദമുയർത്തിയതാണോ അവൾ ചെയ്ത തെറ്റ്' - എന്നാണ് ചോദിച്ചത്. ബി ജെ പി മുൻ എം എൽ എ കുൽദീപ് സിങ് സെൻഗറിന് ദില്ലി ഹൈക്കോടതി ജാമ്യം നൽകിയതിലും രാഹുൽ വിമർശനം ഉന്നയിച്ചു. അതിജീവിത ഭയത്തിലും പീഡനത്തിലും കഴിയുമ്പോൾ കോടതികളിൽ നിന്നുള്ള ഇത്തരം നടപടികൾ നിരാശാജനകവും ലജ്ജാകരവുമാണെന്നും അദ്ദേഹം വിമർശിച്ചു. അതിജീവിതയും കുടുംബവും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുലിന്‍റെ കുറിപ്പ്.
രാജ്യത്തെ ചത്ത സമൂഹമാക്കി മാറ്റുന്നു
കുൽദീപ് സിങ് സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിനു പിന്നാലെയാണ് പ്രതിഷേധങ്ങൾക്കിടയിൽ അതിജീവിതയുടെ മാതാവിനെ സി ആർ പി എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണമുയർന്നത്. മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ ഓടുന്ന ബസിൽ നിന്ന് മാതാവിനെ തള്ളിയിട്ടുവെന്നാണ് അതിജീവിതയും മാതാവും പറയുന്നത്. ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികൾ രാജ്യത്തെ ചത്ത സമൂഹമാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് ജാമ്യവും അതിജീവിതകളെ ക്രിമിനലുകളെപ്പോലെ കാണുന്ന നിലപാടും എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു. ഉന്നാവ് കേസിൽ നീതി ലഭിക്കാത്ത അവസ്ഥയും അതിജീവിതയ്ക്കെതിരായ തുടർച്ചയായ പീഡനവും രാഹുൽ ഗാന്ധി ശക്തമായി എടുത്തുകാട്ടി. പ്രതികരണങ്ങൾക്കിടയിൽ അർദ്ധസൈനിക വിഭാഗത്തിന്റെ അതിക്രമം ഉൾപ്പെടെ സംഭവിച്ചത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലെ പോരായ്മകളെ വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുൽ സൂചിപ്പിച്ചു.
ഉന്നാവ് കേസിലെ ദില്ലി ഹൈക്കോടതി ഉത്തരവ്
ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി ജെ പി മുൻ എം എൽ എ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചു. കർശന ഉപാധികളോടെ കുൽദീപ് സിംഗ് സെൻഗറിന് ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലാണിത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ഹൈക്കോടതി ഉപാധിവച്ചിട്ടുണ്ട്.


