
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ സംവിധാനം വരുന്നു. കണ്ണൂര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, മലബാര്‍ ഹോസ്പിറ്റലും കണ്ണൂരില്‍ ദേശീയ ആരോഗ്യ ദൗത്യവുമാണ് പദ്ധതിയ്ക്കായി സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ നല്‍കുന്നതിന് സന്നദ്ധതയുള്ളവരെ അന്വേഷിച്ച് കഴിഞ്ഞ ജൂലൈയില്‍ റെയില്‍വെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നു. കണ്ണൂരിനും കോഴിക്കോടിനും പുറമെ ഷൊര്‍ണൂര്‍ ജംക്ഷന്‍, മംഗലുരു സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
കണ്ണൂരില്‍ വിഐപി ലോഞ്ചിനോട് ചേര്‍ന്നാണ് മെഡിക്കല്‍ സര്‍വീസ് ബൂത്ത് പ്രവര്‍ത്തിക്കുക. കോഴിക്കോട്ട് എസ്‌കലേറ്ററിനോട് ചേര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും. ഇവിടെ 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സാന്നിധ്യമുണ്ടാവും. ഫസ്റ്റ് എയ്ഡ്, ജീവന്‍രക്ഷാ ഔഷധങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഉണ്ടായിരിക്കും. സാഹചര്യത്തിന് അനുസരിച്ച് ഡോക്റ്ററുടെ സാന്നിധ്യവും ലഭ്യമാക്കും.
ഇതിനു പുറമേ കണ്ണൂരില്‍ ലുബ്‌നത്ത് ഷാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ലഭ്യമായിരിക്കും. കോഴിക്കോട്ട് ആവശ്യമെങ്കില്‍ പുറമെനിന്ന് ആംബുലന്‍സ് ലഭ്യമാക്കും. യാത്രക്കാര്‍ക്കും റെയില്‍വെ സ്റ്റാഫിനും സേവനം തികച്ചും സൗജന്യമാണ്. രോഗിയെ പിന്നീട് മെഡിക്കല്‍ കോളെജിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ അല്ലെങ്കില്‍ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള ആശുപത്രികളിലേക്കോ മാറ്റും.
പാലക്കാട് ഡിവിഷനില്‍ ആദ്യമായാണ് മെഡിക്കല്‍ അസിസ്റ്റന്‍സ് ബൂത്ത് സ്ഥാപിക്കുന്നത്. ട്രസ്റ്റുമായി സഹകരിച്ച് ആംബുലന്‍സും ഇതാദ്യമാണ്. യാത്രക്കാരെ സഹായിക്കുന്നതിന് റെയില്‍വെ സ്റ്റാഫിനും പൊലീസിനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. സ്റ്റേഷന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരമാണ് ആംബുലന്‍സ് ലഭ്യമാക്കുകയെന്നും സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam