ഭാര്യയില്ലാത്തതിനാല്‍ സന്തോഷവാനാണ്; ഉല്‍പാദിപ്പിച്ചത് ബ്രാന്‍ഡുകളെ: ബാബാ രാംദേവ്

By Web DeskFirst Published Apr 6, 2018, 1:01 PM IST
Highlights
  • കുട്ടികളുണ്ടായാല്‍ അവരെ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടി വരും
  • സന്തോഷവാനാകണമെങ്കിൽ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല


ഗോവ: വിവാഹിതനാകാതെ ഏകാകിയായി ജീവിക്കുന്നതാണ് തന്റെ സന്തോഷത്തിന് കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തന്റെ വിജയത്തിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയിലെ പനജിയില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018 ല്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്. കുട്ടികളുണ്ടായാല്‍ അവരെ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  വിവാഹം നിസാരമായൊരു കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ തനിക്ക് ശേഷം പതഞ്ജലി സ്വന്തമാക്കാന്‍ ശ്രമിക്കും എന്നാല്‍ പതഞ്ജലി രാജ്യത്തിന്റെ സ്വന്തമാണ്. അല്ലാതെ ഒരു കുടുംബത്തിന്റേതല്ല. അതു പൊലെ തന്നെ പതഞ്ജലി കൊണ്ടുള്ള ഗുണം രാജ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യപരമായ ജീവിതത്തിന്  ഉതകുന്ന വിവിധ യോഗമുറകള്‍ അദ്ദേഹം ഇവിടെ പ്രദര്‍ശിപ്പിച്ചു. പതഞ്ജലിയുടെ വിജയത്തിന് പിന്നിലെ രഹസ്യവും അദ്ദേഹം വേദിയില്‍ തുറന്ന് പറഞ്ഞു.  ഈസ്റ്റ് ഇന്ത്യ കമ്പനി നമ്മളെ കൊള്ളയടിച്ച കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി സ്ഥാപിക്കണമെന്നത്. പതഞ്ജലിയിലൂടെ അത് പ്രാവര്‍ത്തികമായി. 

രാജ്യത്തെ കൊള്ളയടിക്കുന്ന ഇത്തരം കമ്പനികളെ മുട്ടുകുത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോൺ  പ്രോഫിറ്റ് ചാരിറ്റബിൾ ട്രസ്റ്റായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കമ്പനിയുടെ ലക്ഷ്യം ലാഭം നേടുകയെന്നത് അല്ലെന്നും ബാബാ രാംദേവ് പറഞ്ഞു. തെറ്റുകളൊന്നും ചെയ്തിട്ടില്ല. നിങ്ങൾ സന്തോഷവാനാകണമെങ്കിൽ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാന്‍ എപ്പോഴും ചിരിക്കുന്നതിന് കാരണം ഇതാണെന്നും  അദ്ദേഹം വ്യക്തമാക്കി.

click me!