
ആംസ്റ്റർഡാം: ദക്ഷിണ ചൈനാ സമുദ്രത്തില്‍ ചൈനയക്ക് ചരിത്രപരമായ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹേഗിലെ രാജ്യാന്തര തർക്ക പരിഹാര ട്രിബൂണൽ. കടലിലെ വിഭവങ്ങൾ ചൈന ചൂഷണം ചെയ്യുന്നതിനെതിരെ ഫിലിപ്പൈൻസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഇതോടെ എണ്ണ ഖനനം ലക്ഷ്യമിട്ട് ദക്ഷിണ ചൈന കടലിൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടിയിയായി. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി.
2013ലാണ് പരാതിയുമായി ഫിലിപ്പിന്‍സ് ഐക്യരാഷ്‌ട്ര സഭയുടെ അംഗീകരാമുള്ള ട്രൈബ്യൂണലിനെ സമീപിക്കുന്നത്. അഞ്ച് അംഗങ്ങൾ അടങ്ങിയ ട്രൈബ്യൂണലാണ് ചൈനയ്ക്കെതിരായി ഉത്തരവിറക്കിയത്. ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടൽ . സിംഗപ്പൂരും മലാക്ക കടലിടുക്കും മുതൽ തായ്‌വാൻ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റർ കടല്‍ വ്യാപിച്ചു കിടക്കുന്നു. തിരക്കേറിയ കപ്പൽ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിൽ ഉള്ള വൻ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു . എണ്ണ, ധാതുക്കള്‍, മത്സ്യസമ്പത്ത് തുടങ്ങിയവയാല്‍ സമ്പന്നമായ മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടി വരുമെന്നും ചൈനയുടെ ചരിത്രപരമായ അവകാശവാദത്തിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും 474 പേജുള്ള ഉത്തരവില്‍ രാജ്യാന്തര കോടതി വ്യക്തമാക്കുന്നു. 1947ലെ മാപ്പ് കൂടി പരാമർശിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെയുള്ള ചൈനയുടെ പട്രോളിങ് ഫിലിപ്പീൻസിന്‍റെ ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നും കോടതി.
എന്നാല്‍ തര്‍ക്ക പ്രദേശം സംബന്ധിച്ച തെറ്റായ കോടതിവിധിയാണ് രാജ്യാന്തര കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് വിധി വന്ന ശേഷം ചൈനയുടെ പ്രതികരണം. വിവിധ രാജ്യങ്ങൾ ഉൾപ്പെട്ട കേസുകൾ പരിഗണിക്കാൻ ട്രൈൂബ്യൂണലിന് അധികാരമില്ലെന്നും അതിനാൽ തന്നെ ട്രൈബ്യൂണൽ ഉത്തരവ് അംഗീകരിക്കില്ലെന്നുമാണ് ചൈനയുടെ നിലപാട്.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സാധിക്കില്ല. എന്നാൽ കേസിൽ വിധി പറയുകയല്ലാതെ ഉത്തരവ് നടപ്പാക്കാൻ മറ്റ് വഴികളൊന്നും ട്രൈബ്യൂണലിന് മുന്നിലില്ല.
തെക്കുകിഴക്കൻ ഏഷ്യയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതാണ് ട്രൈബ്യൂണൽ വിധി.
മുങ്ങിപ്പോയ ഒരു വൻകരത്തട്ടിനു മീതെയാണ് ദക്ഷിണ ചൈന കടല്‍. ഏകദേശം 30 മില്യൺ വർഷങ്ങൾക്കു മുന്പാണ് ഈ സമുദ്രത്തിന്റെ അടിത്തറ ഇന്ന് കാണുന്ന രൂപത്തിലായതു എന്ന് കരുതപ്പെടുന്നു. കടലിന്‍റെ 1.2 മില്യൺ സ്ക്വയറിലായി വലിയ എണ്ണ നിക്ഷേപം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ലക്ഷ്യം വച്ചാണ് ചൈനയുടെ നീക്കങ്ങളെല്ലാം. കടലിടുക്കിലെ തന്ത്ര പ്രധാന ഭാഗങ്ങളിലെല്ലാം സ്വാധീനം ശക്തിപ്പെടുത്തുകയാണ് ചൈന. ഇത് മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നു.
ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും മിക്കഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ഫിലിപ്പീൻസടക്കമുള്ള ദക്ഷിണപൂര്‍വേഷ്യയിലെ മറ്റ് രാജ്യങ്ങളും ഈ പ്രദേശങ്ങള്‍ക്കു മേല്‍ അവകാശമുന്നയിക്കുന്നു. ഈ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ അടങ്ങിയ മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വാഭാവികദ്വീപുകളുടെ തീരത്തുനിന്ന് 12 നോട്ടിക്കല്‍മൈല്‍ വരെയുള്ള പ്രദേശം അതത് രാജ്യത്തിന് സ്വന്തമാണ്. എന്നാല്‍ മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാനാണ് മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റിയത്.
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam