മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന വീണ്ടും എതിര്‍ത്തു

By Web DeskFirst Published Feb 7, 2017, 8:51 AM IST
Highlights

ന്യൂഡ‍ല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് വീണ്ടും ചൈന.  ഐക്യരാഷ്ട്രസഭയിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയം ചൈന എതിര്‍ത്തു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ചൈനയെ പ്രതിഷേധം അറിയിച്ചു.

പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്‍റെ  ബുദ്ധികേന്ദ്രവും ജെയ്ഷെ മുഹമ്മദ് സ്ഥാപക നേതാവുമായ മസൂദ് അസ്ഹറിനെ നിരോധിത ഭീകരാവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെയാണ് ചൈന വീണ്ടും എതിര്‍ത്തത്.

അമേരിക്ക- ഇന്ത്യ ചര്‍ച്ചയുടെ ഫലമായി മസൂദ് അസറിനെ ഭീകരവാദികളുടെ പട്ടികയിൽഉൾപ്പെടുത്തണമെന്ന പ്രമേയം അമേരിക്ക ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു. ബ്രിട്ടൺ-ഫ്രാൻസ് രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന പ്രമേയം ചൈന എതിര്‍ത്തു. യുഎൻ ഭീകരവിരുദ്ധ സമിതിക്ക് മുന്നിലെത്തുന്ന നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള കാലാവധിയായ 10 ദിവസം അവസാനിക്കാനിരിക്കെയാണ് ചൈനയുടെ എതിര്‍പ്പ്.

15 അംഗങ്ങളിൽ പ്രമേയം എതിര്‍ത്തത് ചൈന മാത്രം. ഇതോടെ ആറുമാസം അമേരിക്കയുടെ നിര്‍ദേശം മരവിച്ചു. മൂന്നു മാസംകൂടി മരവിപ്പിക്കൽ ദീര്‍ഘിപ്പിക്കാനും ചൈനയുടെ വീറ്റോ അധികാരത്തിനാകും. ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ അസ്ഹറിന്റെ ആസ്തികൾ മരവിപ്പിക്കാനും സഞ്ചാര സ്വാതന്ത്ര്യം തടയാനും യുഎൻ അംഗ രാജ്യങ്ങൾക്കാകും. നിര്‍ദ്ദേശം മരവിച്ചതോടെ മസൂദ് അസ്ഹറിന് സ്വൈര്യ വിഹാരം തുടരാം.

കഴിഞ്ഞ വര്‍ഷവും അസ്ഹറിനെ നിരോധിക്കണമെന്ന യുഎന്നിലെ ഇന്ത്യയുടെ നിര്‍ദേശത്തെ ചൈന എതിര്‍ത്തിരുന്നു. അതിനിടെ പാഠാൻകോട്ട് ഭീകരാക്രമണക്കേസിൽ മസൂദ് അസ്ഹര്‍ ഉൾപ്പെടെ മൂന്നുപേര്‍ നേരിട്ട് ഹാജരാകണമെന്ന് എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടു.

click me!