ക്വാറികൾക്ക് വേണ്ടി പള്ളി സെമിത്തേരി പൊളിച്ചു, കല്ലറയില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ നീക്കി

By Asianet MalayalamFirst Published Jan 26, 2019, 5:26 PM IST
Highlights

 വർഷങ്ങളായി ഉപയോഗിച്ചിരുന്ന സെമിത്തേരിയിൽ നിന്നാണ് ഇടവകവിശ്വാസികളെ അറിയിക്കാതെ ശരീരാവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

കോഴിക്കോട്: ക്വാറികൾക്ക് ലൈസൻസ് നേടുന്നതിനായി പള്ളി സെമിത്തേരി പൊളിച്ചു. താമരശേരി രൂപതയുടെ കീഴിലുള്ള കോഴിക്കോട് കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ സെമിത്തേരിയാണ് പൊളിച്ചത്. പള്ളി അധികൃതരുടെ നടപടിക്കെതിരെ വിശ്വാസികൾ രംഗത്തെത്തി.

പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ നിന്നും ഇതിനോടകം അനവധി കല്ലറകള്‍ തുറന്ന് ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഉപയോഗിച്ചിരുന്ന സെമിത്തേരിയിൽ നിന്നുമാണ് ഇടവകവിശ്വാസികളെ അറിയിക്കാതെ ശരീരാവശിഷ്ടങ്ങൾ നീക്കം ചെയ്തത്.
 
പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് ക്വാറികൾക്ക് ലൈസൻസ് കിട്ടുന്നതിലെ തടസ്സമൊഴിവാക്കാനാണ് സെമിത്തേരി പൊളിച്ച് നീക്കിയതെന്ന് വിശ്വാസികൾ പറയുന്നു. രൂപതയിലെ ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ശരീരാവശിഷ്ടങ്ങൾ നീക്കം ചെയ്തത് തങ്ങളുടെ അനുമതിയില്ലാതെയാണെന്നും വിശ്വാസികള്‍ പറയുന്നു.

അതേസമയം പുതിയ ശ്മശാനത്തിലേക്ക് ശരീരാവശിഷ്ടങ്ങൾ മാറ്റുന്നതിന്‍റെ ഭാഗമായാണ് പഴയത് പൊളിച്ച് നീക്കിയതെന്നാണ് പള്ളി അധികൃതരുടെ വിശദീകരണം.എന്നാൽ പുതിയ ശ്മശാനത്തിന് സർക്കാർ അനുമതി കിട്ടിയിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു. അനുവാദമില്ലാതെ മൃതദേഹങ്ങൾ നീക്കം ചെയ്തതിനെതിരെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം വിശ്വാസികൾ. കാത്തലിക് ലെയ്മാൻ അസോസിയേഷന്‍ നല്‍കിയ പരാതിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്.

click me!