
കൊച്ചി:വെള്ളപ്പൊക്കം മൂലം കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഇനി ഒരിക്കലും തടസ്സപ്പെടാതിരിക്കാനായി വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു. നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള വിപുലമായ പദ്ധതികളാണ് വിമാനത്താവളത്തില്‍ നടപ്പാക്കുന്നത്.
കേരളത്തിന്‍റെ അഭിമാനമായ കൊച്ചി വിമാനത്താവളം പ്രളയത്തില്‍ മുങ്ങിപ്പോയ ഈ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ കണ്ടത്. രണ്ടാഴ്ചകൊണ്ട് വിമാനത്താവളം പ്രതിസന്ധി മറികടന്ന് പറന്നുയര്‍ന്നുവെങ്കിലും ഈ ദൃശ്യങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കും. പെരിയാറില്‍ വെള്ളം പൊങ്ങി സമീപത്തെ ചെങ്ങല്‍ തോടും നിറഞ്ഞു കഴിഞ്ഞാണ് റണ്‍വേയിലേക്ക് വെള്ളം കയറിയത്. പാര്‍ക്കിംഗ് ബേ അടക്കം വിമാനത്താവളത്തിന്‍റെ പ്രധാന മേഖലയിലെല്ലാം വെള്ളമെത്തി.
നെടുന്പാശ്ശേരിയിലെ വിപുലമായ പാടശേഖരം നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്പോള്‍ ഒരിക്കല്‍ പോലും വെള്ളപ്പൊക്കം ഭീഷണിയായി തോന്നിയിരുന്നില്ല. പെരിയാറില്‍ വെള്ളമുയര്‍ന്നാല്‍ സമീപത്തെ ചെങ്ങല്‍ തോട്ടിലൂടെ വെള്ളം ഇരച്ചെത്തുമെന്നും കരുതിയതേയില്ല. 92 ല്‍ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ പാടശേഖരങ്ങളില്‍ വെള്ളം കയറിയതിന്‍റെ കണക്ക് മാത്രമേ നിര്‍മ്മാണ സമയത്ത് മുന്നിലുണ്ടായിരുന്നുള്ളൂ. അതിലും ഉയരത്തില്‍ റണ്‍വേ നിര്‍മ്മിച്ചതോടെ എല്ലാം സുരക്ഷിതമെന്ന് കരുതിയെങ്കിലും തെറ്റി.
വെള്ളപ്പൊക്കം ഇനി വിമാനത്താവളത്തെ വിഴുങ്ങാതിരിക്കാനുള്ള വിപുലമായ പദ്ധതിയാണ് സിയാല്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. കിറ്റ്കോയുടെ റിപ്പോര്‍ട്ടനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. സമീപത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഭൂമി നികത്തി നിര്‍മ്മിച്ച നിരവധി പാര്‍പ്പിട സമുച്ചയങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഈ മേഖലയില്‍ മുങ്ങിപ്പോയി. വികസനത്തിന്‍റെ പേരില്‍ പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്പോള്‍ ഈ അനുഭവങ്ങള്‍ കൂടി പാഠമായിരിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam