നെടുമ്പാശേരി വിമാനത്താവളം ഇനി മുങ്ങില്ല; വെള്ളക്കെട്ട് തടയാന്‍ സമഗ്ര പദ്ധതിയുമായി സിയാല്‍

By Web TeamFirst Published Jan 7, 2019, 7:46 PM IST
Highlights

നെടുമ്പാശേരി വിമാനത്താവളത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ട് തടയാന്‍ സമഗ്ര പദ്ധതിയുമായി സിയാല്‍. 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ട് തടയാന്‍ സമഗ്ര പദ്ധതിയുമായി സിയാല്‍. ചെങ്ങല്‍തോടിന് കുറുകെ പാലം നി‍ർമിക്കുന്നതടക്കം, 15 കോടിയുടെ പദ്ധതികൾക്ക് ടെണ്ടർ തുടങ്ങി. ഡച്ച് സാങ്കേതിക വിദഗ്ധരുടെയും കിറ്റ്കോയുടെയും ജലവിഭവ വകുപ്പിന്‍റെയും സംയുക്ത പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി.

പെരിയാർ കരകവിഞ്ഞൊഴുകിയ പ്രളയ കാലത്ത്  കൊച്ചിയുടെ അഭിമാനമായ വിമാനത്താവളം വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് 15 ദിവസത്തോളമാണ് വിമാനത്താവളം അടച്ചിട്ടത്. ഇതാവർത്തിക്കാതിരിക്കാനാണ് സമഗ്ര വെള്ളപ്പൊക്ക നിവാരണ പദ്ധതി തയാറാക്കിയത്.

വിമാനത്താവളത്തിനടുത്തുകൂടെ ഒഴുകുന്ന ചെങ്ങല്‍തോടിന് കുറുകെ രണ്ട് പാലങ്ങള്‍ നിർമിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. റൺവേയുടെ വടക്കുകിഴക്ക് ഭാഗത്ത് തുറവുങ്കരയ്ക്ക് സമീപം ചെങ്ങല്‍തോട് വിമാനത്താവളത്തിനായി അടച്ചുകെട്ടിയതാണ് മഴക്കാലത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ കാലങ്ങളായി സമരത്തിലാണ്. ഇതുകൂടി കണക്കിലെടുത്താണ് നടപടി.

ചെങ്ങല്‍തോടിന്‍റെ തുടക്കത്തില്‍ പെരിയാറില്‍ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കും. തോടിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍ വിമാനത്താവളത്തിന്‍റെ തെക്കുഭാഗത്തുകൂടെ ചെങ്ങല്‍ തോടില്‍ നിന്നും അനുബന്ധ കനാല്‍ ഒഴുകുന്നുണ്ട്. വടക്കുഭാഗത്ത് കൂടി വെള്ളം വഴിതിരിച്ചുവിടുന്നതിനായി മറ്റൊരു കനാല്‍കൂടി നിർമിക്കും. ഒപ്പം ചെങ്ങല്‍തോടിന്‍റെ ആഴം കൂട്ടുമെന്നും പദ്ധതിരേഖയില്‍ പറയുന്നു. ഈ മാസം തന്നെ ആദ്യഘട്ട ടെന്‍ഡർ നടപടികള്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 

click me!