ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്‍റി 20യിൽ ചേർന്നു. കോൺഗ്രസിൽ പ്രവർത്തിച്ച കാലത്ത് തനിക്ക് 13 കേസുകൾ നേരിടേണ്ടി വന്നെന്നും നേതാക്കൾ തന്നെ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

കൊല്ലം: കോണ്‍ഗ്രസിൽ പ്രവര്‍ത്തിച്ച രണ്ട് വർഷം കൊണ്ട് 13 കേസുകളും തലയിൽ 12 തുന്നി കെട്ടുകൾ ഉണ്ടായെന്ന് എൻഡിഎയിൽ ചേര്‍ന്ന അഖിൽ മാരാർ. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് ഐഷ പോറ്റിയായിരുന്നു എംഎല്‍എ. കൊട്ടാരക്കര പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ താനുൾപ്പെടെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ശാലു മേനോൻ വിഷയത്തിൽപ്പെട്ട എംപിക്ക് ഐക്യദാർഢ്യ ജാഥ നടത്തിയപ്പോൾ ആ ജാഥ ആക്രമിച്ച സിപിഎം നേതാക്കളെ തിരിച്ച് നേരിടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ എല്ലാത്തിനും കാരണമായ എംപിയുടെ സെക്രട്ടറി കേസിൽ പ്രതിയായില്ല. തിരിഞ്ഞു നോക്കാതെ നേതാക്കൾ പലരേയും ഉപേക്ഷിച്ചെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നെന്നും കോടതി വെറുതെ വിട്ടെന്നും അഖിൽ പറഞ്ഞു. പക്ഷേ, കേസുകൾ കാരണം പാസ്പോര്‍ട്ട് കിട്ടിയിരുന്നില്ല. സിനിമ ചെയ്ത കാലം മുതൽ ഓരോ വർഷം കാലാവധി ഉള്ള പാസ്പോർട്ട്‌ കോടതി വഴി എടുത്തു യാത്ര തുടങ്ങിയെന്നും ദുബായ് ഗോൾഡൻ വിസ ലഭിക്കാതെ പോയതും പാസ്പോർട്ട്‌ കാലാവധി ഇല്ലാത്തത് കൊണ്ടായിരുന്നുവെന്നും അഖിൽ അവകാശപ്പെട്ടു.

ട്വന്‍റി20 ചേര്‍ന്ന അഖിൽ

ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നിരുന്നു. ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ട്വന്‍റി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവര്‍ കടന്നുവരുകയാണെന്നും അഖിൽ മാരാര്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്ന നിലപാട് എടുത്തയാളാണെന്നും അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അഖിൽ മാരാര്‍ പറഞ്ഞു.

ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണ്. താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഒരു സ്ഥാനാർത്ഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. കേരള സ്റ്റോറി -2 ട്രെയിലര്‍ വിവാദത്തിൽ മറുപടി പറയേണ്ടത് എൻഡിഎ നേതൃത്വമാണെന്നും അഖിൽ മാരാര്‍ പറഞ്ഞു.