സിനിമാ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്; ബി ക്ലാസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനം

By Web DeskFirst Published Jan 7, 2017, 12:35 PM IST
Highlights

കൊച്ചി: സിനിമാ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ എ ക്ലാസ് തിയറ്റുകള്‍ ഒഴിവാക്കി സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. വ്യാഴാഴ്ച  മുതല്‍ ആഴ്ച തോറും ഒരു സിനിമ വീതം റിലീസ് ചെയ്യും.ഈ മാസം 19നകം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ചിത്രങ്ങള്‍ റിലീസിന് നല്‍കില്ല.

സിനിമകളുടെ ലാഭവിഹിതത്തിന്റെ 50 ശതമാനം തങ്ങള്‍ക്ക് വേണമെന്ന കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പൂര്‍ണമായും സമ്മര്‍ദ്ദലാക്കുന്ന തീരുമാനമാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

ജനുവരി 12,19,26 തീയതികളില്‍ സിനിമകള്‍ റിലീസിനെത്തിക്കും. ഒരോ ആഴ്ചയും ഓരോ സിനിമ എന്ന രീതിയില്‍ റിലീസിനെത്തിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുണ്ടായ നഷ്‌ടം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. 200 ഓളം തിയറ്ററുകളിലാണ് സിനിമ റിലീസിനെത്തിക്കുക. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍പെട്ട ചില തിയറ്റുകളും റിലീസിന് തയ്യാറായി എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ഫെഡേറേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ എന്തു തീരുമാനമുണ്ടായാലും തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

 

click me!