തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്.  ഗതാഗതക്കുരുക്കഴിയാൻ ഏറെ ഘോഷിച്ച് കൊണ്ടുവന്ന ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്‍റെ അട്ടിമറികൊണ്ട് എങ്ങുമെത്തിയില്ലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടമാക്കി നടനും ബിജെപി നേതാവുമായ കെ. കൃഷ്ണകുമാർ നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും താൻ വട്ടിയൂർക്കാവിനൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. വട്ടിയൂർക്കാവിനെ വികെ പ്രശാന്ത് എംഎൽഎ ചതിച്ചെന്നും അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും താൻ കൂടെയുണ്ടാകുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കഴിയാൻ ഏറെ ഘോഷിച്ച് കൊണ്ടുവന്ന ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്‍റെ അട്ടിമറികൊണ്ട് എങ്ങുമെത്തിയില്ലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.

വി.കെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. വികസനത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ടവരെ എംഎൽഎ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജംഗ്ഷൻ നവീകരണവും ഓടനവീകരണവും ഫുട്പാത്തുകൾ, സ്ട്രീറ്റ് ലൈറ്റുകൾ ഒക്കെ സ്ഥാപിച്ച് വട്ടിയൂർക്കാവിനെ മികച്ച സാറ്റ്ലൈറ്റ് ജംഗ്ഷൻ ആക്കുമെന്നായിരുന്നു വികെ പ്രശാന്തിന്‍റെ വാഗ്ദാനം. എന്നാൽ കെട്ടിടങ്ങൾ പൊളിച്ച്, പകരം സംവിധാനം ഒരുക്കാതെ വ്യാപാരികളെ എംൽഎ വഞ്ചിച്ചു. ഇനിയും ജനങ്ങളെ വിഢികളാക്കരുത്. അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ പരാജയം നേകിടുമെന്ന് കൃഷ്ണകുമാർ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഇത്തവണ വളരെ പ്രതീക്ഷയോടെ നോക്കുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. ഒരിക്കൽ നഷ്ടപ്പെട്ട, നിലവിൽ എൽഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ വട്ടിയൂ‍ർകാവ് തിരികെ പിടിക്കാൻ കോൺഗ്രസും വിജയ സാധ്യതയുറപ്പിച്ച് ബിജെപിയും കളത്തിലിറങ്ങുന്നതോടെ ത്രികോണ പോരാട്ടം കനക്കും. സിറ്റിങ് എംഎൽഎ വി.കെ പ്രശാന്ത് തന്നെ എൽഡിഎഫിനായി രംഗത്തിറങ്ങുമെന്നും മുൻ വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരൻ മണ്ഡലം തിരികെ പിടിക്കാനായി തിരിച്ചെത്തുമെന്നുമാണ് വിലയിരുത്താൽ. വട്ടിയൂർകാവിൽ മത്സരിക്കാൻ താൽപ്പര്യമറിയിച്ച് ബിജെപി നേതാക്കളും രംഗത്തുണ്ട്. മേയർ പദവിയിൽ നിന്നും തഴയപ്പെട്ട മുൻ ഡിജിപി ആ‍ർ ശ്രീലേഖയെ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നിലപാട്. അതേസമയം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വട്ടിയൂർക്കാവിനായി രംഗത്തുണ്ട്.